ആറ് വയസുകാരിയായ മകള്‍ക്കൊപ്പം യുവാവ് പുഴയില്‍ ചാടി; രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

  • 29/09/2022


കൊച്ചി: ആറു വയസുകാരിയായ മകളുമായി അച്ഛൻ പുഴയില്‍ ചാടി മരിച്ചു. എറണാകുളം ആലുവയിലാണ് സംഭവം. ചെങ്ങമനാട് സ്വദേശി ലൈജുവാണ് മരിച്ചത്. മകള്‍ ആര്യ നന്ദയ്ക്കൊപ്പമാണ് ലൈജു പുഴയില്‍ ചാടിയത്. ലൈജുവിന്റെ മൃതദേഹമായിരുന്നു പുഴയിൽ നിന്നും ആദ്യം കണ്ടെടുത്തത്. പിന്നീട് പോലീസും ഫയർഫോഴ്സ് സംഘവും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ആര്യ നന്ദയുടെ മൃതദേഹം കണ്ടെടുത്തത്. 

രാവിലെ എട്ടരയോടെ കുടുംബ വാട്സ് ആപ് ഗ്രൂപ്പിൽ മകള്‍ക്കൊപ്പം മരിക്കുകയാണെന്ന് പോസ്റ്റിട്ടാണ് ലൈജു വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുഴയുടെ സമീപത്ത് റോഡില്‍ ബൈക്ക് കണ്ടെത്തിയത്. മകളോടൊപ്പം ബൈക്കിലെത്തിയ ലൈജു റോഡരുകില്‍ വണ്ടി നിര്‍ത്തിയ ശേഷം മാർത്താണ്ഡ വർമ്മ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു.
 
രണ്ട് പേര്‍ പുഴയിലേക്ക് ചാടുന്നത് കണ്ടെന്ന് ചിലര്‍ പോലീസിനെ അറിയിച്ചു. ലൈജുവിന്‍റെ സ്കൂട്ടർ പാലത്തിന് സമീപത്തെ  റോഡരികിൽ നിന്നും കണ്ടെത്തിയതോടെ ലൈജുവും മകളും പുഴയില്‍ ചാടിയെന്ന സംശയത്തില്‍ പോലീസും ഫയർഫോഴ്സും സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ആദ്യം ലൈജുവിന്‍റെയും പിന്നീട് മകളുടേയും മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു.  

Related News