കുഴിമന്തി വിവാദത്തില്‍ ഖേദപ്രകടനവുമായി വി.കെ ശ്രീരാമന്‍

  • 02/10/2022

കുഴിമന്തി വിവാദത്തിന് പിന്നാലെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍. താന്‍ ഏകാധിപതിയാകുന്നത് നടക്കാത്ത കാര്യമാണെന്ന തരത്തില്‍ ആ പ്രസ്താവനയെ ആരും കണക്കിലെടുത്തില്ല. കുഴിമന്തി താന്‍ കഴിച്ചിട്ടുണ്ടെന്നും മന്തിയോട് വിരോധമില്ലെന്നും പേരിനോട് മാത്രമാണ് വിരോധമെന്നും വി കെ ശ്രീരാമന്‍ കുറിപ്പില്‍ പറയുന്നു.


ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എന്ന ജനാധിപത്യത്തിലാണ് താന്‍ വിശ്വസിക്കുന്നത്. എന്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദു:ഖിപ്പിക്കാനും ഇടവന്നു. ഞാനാണ് അതിനൊക്കെ കാരണമായതെന്നത് എന്നെ സങ്കടപ്പെടുത്തുന്നുവെന്നും ഖേദം അറിയിക്കുന്നുവെന്നും ശ്രീരാമന്‍ കുറിച്ചു.

കുറിപ്പ്;
കുഴിമന്തിപ്പോസ്റ്റ് സാമാന്യം തരക്കേടില്ലാത്ത വിധത്തില്‍ വിവാദമായിരിക്കുന്നു എന്ന് മനസ്സിലാക്കുന്നു. ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാല്‍...... എന്ന വാചകത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. നടക്കാത്ത കാര്യമാണെന്ന പ്രസ്താവനയായി അതിനെ പലരും കണക്കിലെടുത്തില്ല. പിന്നെ കുഴിമന്തി എന്ന ഭക്ഷണം ഞാന്‍ കഴിച്ചിട്ടുണ്ട്. കുഴി മന്തിയോട് വിരോധമൊന്നുമില്ല. ഉണ്ടാക്കുന്നതിനെപ്പറ്റി , അതുണ്ടാക്കുന്ന പാചകക്കാരനെപ്പറ്റി എല്ലാം സസന്തോഷം പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയും എടുത്തിട്ടുണ്ട്. കൈരളി ചാനലില്‍ വേറിട്ട കാഴ്ചകളായി അത് സംപ്രേഷണം ചെയ്യുകയും ചെയ്തു.

പക്ഷെ, അന്നും ആ പേരിനോട് വിയോജിപ്പ് ഉണ്ടായിരുന്നു. ആ ഭക്ഷണത്തോടല്ല. ആ പേരിനോട്. ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കെല്ലാമുണ്ടല്ലോ. ആ ജനാധിപത്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. എന്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദു:ഖിപ്പിക്കാനും ഇടവന്നു എന്നാണ് മനസ്സിലാക്കുന്നത്. ഞാനാണല്ലോ അതിനൊക്കെ കാരണമായത് എന്നതെന്നെ സങ്കടപ്പെടുത്തുന്നു.
എന്റെ ഖേദം അറിയിക്കുന്നു'.

Related News