ഇസ്ലാമാബാദിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം

  • 10/10/2022

 



പാകിസ്ഥാന്‍: ഇസ്ലാമാബാദിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ സെന്‍റോസില്‍ ഇന്നലെ വൻ തീപിടിത്തം ഉണ്ടായി. ആളപായമില്ല. തീ നിയന്ത്രണ വിധേയമാക്കിയതായും അന്വേഷണത്തിനായി കെട്ടിടം സീല്‍ ചെയ്തതായും ഇസ്ലാമാബാദ് പൊലീസ് അറിയിച്ചു. അതിശക്തമായ തീ നിയന്ത്രണ വിധേയമാക്കാന്‍ രണ്ട് മണിക്കൂറെടുത്തതായി ക്യാപിറ്റൽ ഡെവലപ്‌മെന്‍റ് അതോറിറ്റി (സിഡിഎ) മേധാവി മുഹമ്മദ് ഉസ്മാൻ യൂനിസ് പറഞ്ഞു. മൂന്ന് കെട്ടിട സമുച്ചയങ്ങള്‍ അടങ്ങിയതാണ് കെട്ടിടം. ഇതില്‍ ഒന്നിലായിരുന്നു തീ പടര്‍ന്നത്. 

ഇസ്ലാമാബാദിലെ 36 നിലകളുള്ള ഒരു ഹോട്ടൽ സമുച്ചയമാണ് സെന്‍റോസ് മാള്‍. ഇതിന്‍റെ മൂന്നാം നിലയില്‍ നിന്നാണ് ആദ്യം പുകയുയര്‍ന്നത്. എന്നാല്‍ നിമിഷ നേരം കൊണ്ട് 20 -ാം നിലയിലേക്ക് പുക ഉയര്‍ന്നത് ഏറെ ആശങ്ക പടര്‍ത്തി. റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്‍റുകൾ സ്ഥിതി ചെയ്യുന്ന മുകൾ ഭാഗങ്ങളിലും കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് ഒന്നാം നിലയിലേക്കും തീ അതിവേഗം പടര്‍ന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചു. 

അഗ്നിശമന സേന, പാകിസ്ഥാൻ നേവി, പാകിസ്ഥാൻ എയർഫോഴ്സ്, റെസ്ക്യൂ 1122 എന്നിവ തീയണയ്ക്കാനായി രംഗത്തെത്തി. മാളിലെ ഫുഡ് കോർട്ട് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഒരു റെസ്റ്റോറന്‍റിലുണ്ടായ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ നിന്ന് തീ റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്‍റുകളിലേക്ക് പടരുകയായിരുന്നു. ഉച്ചഭക്ഷണ സമയത്താണ് തീപിടിത്തമുണ്ടായത്, ഫുഡ് കോർട്ടിന് സമീപം സന്ദർശകർ തിങ്ങിനിറഞ്ഞപ്പോൾ തീ ആളിപ്പടരുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ദൃശ്യങ്ങളിൽ കാണാം.

Related News