ഇന്ത്യയില്‍നിന്നും കവര്‍ന്നെടുത്ത കോഹിനൂര്‍ രത്‌നം കാമില രാജ്ഞി ധരിക്കുന്നതില്‍ വിവാദം

  • 13/10/2022



ചൂടേറിയ ഒരു ചര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് ബക്കിങ്ഹാം കൊട്ടാരം ഇപ്പോള്‍. ഭര്‍ത്താവ് ചാള്‍സ് മൂന്നാമന്‍ രാജാവും കിരീടധാരണം നടത്തുമ്പോള്‍ കാമില രാജ്ഞി കോഹിനൂര്‍ കിരീടം ധരിക്കണമോ എന്നതാണ് കൊട്ടാരത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച.

കോഹിനൂര്‍ കിരീടം ധരിക്കാനുള്ള നീക്കം കൊളോണിയല്‍ ഭൂതകാലത്തിന്റെ വേദനാജനകമായ ഓര്‍മ്മകള്‍ ഉണര്‍ത്തുമെന്ന വിധത്തില്‍ ഇന്ത്യയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്, ഇക്കാര്യം പുന:പരിശോധിക്കുന്നത്. 

2023 മെയ് 6 -ന് വെസ്റ്റ്മിന്‍സ്റ്റര്‍ അബെയിലാണ് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം. ഈ ചടങ്ങില്‍ ഇന്ത്യയില്‍നിന്നും പണ്ട് ബ്രിട്ടീഷുകാര്‍ കൊണ്ടുപോയി സ്വന്തമാക്കിയ അമൂല്യമായ കോഹിനൂര്‍ രത്‌നം കാമില രാജ്ഞി ധരിക്കണമോ എന്ന് ബക്കിംഗ്ഹാം കൊട്ടാരം ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ അവലോകനം ചെയ്യുകയാണെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

1937-ല്‍ രാജാവ് ജോര്‍ജ്ജ് ആറാമന്റെ പത്‌നിയാണ് അവസാനമായി ഇത് ധരിച്ചത്. 2,800 മൂല്യങ്ങളായ വജ്രങ്ങളാണ് കിരീടത്തില്‍ ഉള്ളത്. മുന്‍വശത്തെ കുരിശില്‍ ആണ് ലോകത്തിലെ ഏറ്റവും വലിയ കട്ട് വജ്രങ്ങളിലൊന്നായ 105 കാരറ്റ് കോഹിനൂര്‍ സ്ഥാപിച്ചിരിക്കുന്നത്.

ഇന്ത്യയില്‍നിന്നും പണ്ട് ബ്രിട്ടീഷുകാര്‍ കൊണ്ടുപോയ അമൂല്യ രത്‌നം രാജകുടുംബാംഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കാമിലയുടെ കോഹിനൂര്‍ കിരീടധാരണം കൊളോണിയല്‍ ഭൂതകാലത്തിന്റെ വേദനാജനകമായ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുമെന്ന് ഒരു ബിജെപി വക്താവ് പറഞ്ഞതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

എലിസബത്ത് രാജ്ഞിയുടെ മരണം, പുതിയ കാമില രാജ്ഞിയുടെ കിരീടധാരണം, കോഹിനൂര്‍ ഉപയോഗം തുടങ്ങിയ സമീപകാല സന്ദര്‍ഭങ്ങള്‍ കുറച്ച് ഇന്ത്യക്കാരെയെങ്കിലും ഇന്ത്യയിലെ കൊളോണിയല്‍ ചൂഷണ ചര്‍ച്ചകളിലേക്ക് കൊണ്ടുപോകുമെന്ന് പേരു വെളിപ്പെടുത്താത്ത ബി.ജെ.പി വക്താവ് പറഞ്ഞതായി ടെലിഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ കോഹിനൂര്‍ രത്‌നം ഉപയോഗിക്കുന്നില്ലെന്നും പുതിയ രാജാവും രാജ്ഞിയും രാജകീയ ശേഖരത്തില്‍ നിന്ന് മറ്റേതെങ്കിലും കിരീടം ആകും ഉപയോഗിക്കുക എന്നും ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ഉണ്ട്.

Related News