ചാർജറുകളില്ലാതെ ഫോണുകൾ വിറ്റതിന് ആപ്പിളിന് വൻ തുക പിഴ

  • 14/10/2022




ബ്രസീലിയ: ചാർജറുകളില്ലാതെ ഐഫോണുകൾ വിറ്റതിന് ആപ്പിളിന് വിധിച്ചത് 20 മില്യൺ ഡോളർ പിഴ (1,646,630,000 രൂപ). അധിക ഉൽപ്പന്നം വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത് "ദുരുപയോഗം" എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബ്രസീലിയൻ ജഡ്ജിയാണ് ഇത്തരമൊരു വിധി പ്രസ്താവിച്ചത്. ഇതേ വിഷയത്തിൽ ബ്രസീൽ നീതിന്യായ മന്ത്രാലയം സെപ്റ്റംബറിൽ ആപ്പിളിന് ഏകദേശം 2.5 മില്യൺ ഡോളർ പ്രത്യേക പിഴ ചുമത്തുകയും ചാർജറുകളില്ലാതെ 12, 13 മോഡൽ ഫോണുകൾ വിൽക്കുന്നതിൽ നിന്ന് ആപ്പളിനെ വിലക്കുകയും ചെയ്തതിരുന്നു. 

ബ്രസീലിയൻ കൺസ്യൂമേഴ്‌സ് അസോസിയേഷൻ നൽകിയ പരാതിയിൽ നഷ്ടപരിഹാരമായി സാവോ പോളോ സിവിൽ കോടതി ജഡ്ജി 100 ദശലക്ഷം റീസ് ( 1,214,500 രൂപ) വിധിച്ചിരുന്നു. ഇലക്ട്രോണിക്സ് മാലിന്യങ്ങൾ കുറയ്ക്കാൻ എന്ന പേരിൽ 2020 ഒക്ടോബറിൽ പുതിയ ഐഫോണുകൾക്കൊപ്പം ചാർജറുകൾ ഉൾപ്പെടുത്തുന്നത് ആപ്പിൾ നിർത്തിയിരുന്നു.

എന്നാൽ ആദ്യം വാങ്ങിയ ഉത്പന്നം പ്രവർത്തിപ്പിക്കാൻ രണ്ടാമത് മറ്റൊരു ഉത്പന്നം കൂടി വാങ്ങേണ്ട അവസ്ഥയാണെന്ന് ജഡ്ജി കാരമുരു അഫോൺസോ ഫ്രാൻസിസ്കോ തന്റെ വിധിയിൽ എഴുതി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഐഫോൺ മോഡലുകൾ 12 ഉം 13 വാങ്ങിയ ബ്രസീലിലെ എല്ലാ ഉപഭോക്താക്കൾക്കും ചാർജറുകൾ വിതരണം ചെയ്യാൻ അദ്ദേഹം കാലിഫോർണിയ കമ്പനിയോട് ഉത്തരവിട്ടു. കൂടാതെ എല്ലാ പുതിയ ഫോണുകൾക്കൊപ്പവും അവ ഉൾപ്പെടുത്താനും ഉത്തരവായി. 

വിവിധ രാജ്യങ്ങളിൽ ചാർജറുമായി ബന്ധപ്പെട്ട പ്രതിസന്ധി ആപ്പിൾ നേരിടുകയാണ്. 2024 അവസാനം മുതൽ എല്ലാ സ്മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും ക്യാമറകളും യുഎസ്‌ബി-സി പോർട്ടുകൾ സിംഗിൾ ചാർജർ സ്റ്റാൻഡേർഡായി ഉപയോഗിക്കണമെന്ന് കഴിഞ്ഞ ആഴ്ച യൂറോപ്യൻ പാർലമെന്റ് നിയമം പാസാക്കിയിരുന്നു. ഇതും ആപ്പിളിന് അധിക ബാധ്യതയായിരിക്കുകയാണ്. ഈ ഉത്തരവോടെ ആപ്പിളിന് ഫോൺ ഡിസൈൻ മാറ്റേണ്ടി വരും.

Related News