വര്‍ഗ്ഗീയ സംഘര്‍ഷം സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ച് 180 ഹിന്ദു സംഘടനകളും ക്ഷേത്രങ്ങളും

  • 16/10/2022



ലണ്ടന്‍: ഇംഗ്ലണ്ടിലെ ലെസ്റ്ററിലെയും ബർമിംഗ്ഹാമിലെയും വര്‍ഗ്ഗീയ സംഘര്‍ഷം സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് കത്തയച്ച് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകളും ക്ഷേത്രങ്ങളും. ഹിന്ദു സമൂഹത്തിന് മതിയായ സുരക്ഷ ഉറപ്പാക്കുന്നത് ഉൾപ്പെടെ ആറ് കാര്യങ്ങളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച കത്തില്‍ ഉള്‍പ്പെടുന്നത്.

ബ്രിട്ടനിലെ ഇന്ത്യൻ, ഹിന്ദു സമൂഹങ്ങളെ വളരെയധികം വിഷമിപ്പിച്ച ലെസ്റ്റർ, ബർമിംഗ്ഹാം എന്നിവിടങ്ങളിലെ സംഘര്‍ഷത്തിലേക്ക് ബ്രിട്ടീഷ് സര്‍ക്കാറിന്‍റെ ശ്രദ്ധ പതിപ്പിക്കാനാണ് കത്ത് എന്നാണ് സംഘടനകള്‍ പറയുന്നത്. ഹിന്ദു സമൂഹത്തോടുള്ള വിദ്വേഷം വളരെ രൂക്ഷമായ രീതിയിലാണ്. ശാരീരികമായ ആക്രമണങ്ങളും, സാമൂഹിക മാധ്യമങ്ങള്‍ വഴിയും ഹിന്ദു സമൂഹത്തെ ലക്ഷ്യം വച്ച് ഉപദ്രവം നടക്കുന്നു. അടുത്ത കാലത്ത് സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും ഹിന്ദുക്കൾക്കെതിരെ തുറന്ന അക്രമവും ഭീഷണിയും അധിക്ഷേപവും നടക്കുന്നുവെന്ന് കത്തില്‍ പറയുന്നു.

നാഷണൽ കൗൺസിൽ ഓഫ് ഹിന്ദു ടെംപിൾസ്, ബാപ്‌സ് ശ്രീ സ്വാമിനാരായണൻ സൻസ്ത യുകെ, ഇന്ത്യൻ നാഷണൽ സ്റ്റുഡന്റ്സ് അസോസിയേഷൻ യുകെ, ഇസ്‌കോൺ മാഞ്ചസ്റ്റർ, ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബി ജെ പി (യുകെ), ഹിന്ദു ലോയേഴ്‌സ് അസോസിയേഷൻ (യുകെ), ഇൻസൈറ്റ് യുകെ എന്നിവ ഉൾപ്പെടുന്ന സംഘടനകൾ തുറന്നകത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. 

അരനൂറ്റാണ്ടിലേറെയായി ഹിന്ദു സമൂഹം ബ്രിട്ടനെ അവരുടെ വീടായി കരുതുന്നുണ്ട്. ഹിന്ദു സമൂഹം ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽ താഴെയാണ് എന്നിട്ടും, ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയിലേക്കുള്ള സാമൂഹിക-സാമ്പത്തിക സംഭാവനയുടെ കാര്യത്തിലും സാമൂഹിക സംയോജനത്തിന്‍റെ കാര്യത്തിലും വലിയ സംഭാവനയാണ് ഹിന്ദു സമൂഹം നല്‍കുന്നത്. 

പുരോഗമനപരമായ ബ്രിട്ടീഷ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഹിന്ദു സമൂഹം ജീവിക്കുന്നത്. ജയിൽ കുറ്റകൃത്യ കണക്കുകള്‍ നോക്കിയാല്‍ ഹിന്ദുസമൂഹം നിയമം അനുസരിക്കുന്നവരാണ് എന്ന് മനസിലാകും. എന്നിട്ടും, ഇന്ന് ഉപരോധം നേരിടുന്ന സമൂഹമായി ഹിന്ദു സമൂഹത്തിന് അനുഭവപ്പെടുന്നു. അവസാന ആശ്രയം എന്ന നിലയിലാണ് കത്തെന്നും, നടപടികള്‍ വേണമെന്നും കത്ത് ആവശ്യപ്പെടുന്നു. 

ലെസ്റ്ററിലെ അക്രമങ്ങളെക്കുറിച്ചും ബർമിംഗ്ഹാമിലെ ഒരു ക്ഷേത്രത്തിന് പുറത്ത് നടന്ന ആക്രമണവും. നോട്ടിംഗ്ഹാമിലെയും ലണ്ടനിലെ വെംബ്ലിയിലെ സനാതൻ മന്ദിറിന് പുറത്തുള്ള ഹിന്ദു സമൂഹത്തെ ഉപദ്രവിക്കാനുള്ള ശ്രമങ്ങളും കത്ത് പ്രധാനമന്ത്രി ലിസ് ട്രസിന്‍റെ ശ്രദ്ധയില്‍ പെടുത്തുന്നു. ലെസ്റ്ററിൽ സംഭവിച്ചതിന്റെ കാരണങ്ങൾ പലതും സങ്കീർണ്ണവുമാണെങ്കിലും, പാർശ്വവൽക്കരിക്കപ്പെട്ട ഹിന്ദു സമൂഹത്തെയാണ് അടിസ്ഥാനപരമായി ലക്ഷ്യം വയ്ക്കുന്നത് എന്ന് വ്യക്തമാണെന്ന് കത്ത് പറയുന്നു. 

Related News