ഫെമിനിസ്റ്റ് വിദേശനയം റദ്ദാക്കി സ്വീഡന്‍റെ പുതിയ വിദേശകാര്യ മന്ത്രി

  • 20/10/2022




ഫെമിനിസ്റ്റ് വിദേശനയം റദ്ദാക്കി സ്വീഡന്‍റെ പുതിയ വിദേശകാര്യ മന്ത്രി. ആശയത്തിന് പേരിനേക്കാള്‍ പ്രാധാന്യമുണ്ടെന്ന് വിശദമാക്കിയാണ് വിദേശകാര്യമന്ത്രിയുടെ തീരുമാനം. തങ്ങള്‍ എന്നും ലിംഗ സമത്വത്തിനായി നിലകൊള്ളുന്നവരാണ് എന്ന് വ്യക്തമാക്കിയാണ് സ്വീഡന്‍റെ പുതിയ വിദേശകാര്യമന്ത്രി തോബിയാസ് ബില്‍സ്ട്രോമിന്‍റെ പ്രഖ്യാപനം. 2014ലാണ് ഫെമിനിസ്റ്റ് വിദേശനയം രൂപീകരിക്കുന്നത്. ഇടത് പക്ഷാനുകൂലികളായ സര്‍ക്കാരിന്‍റെ തീരുമാനമായിരുന്നു ഫെമിനിസ്റ്റ് വിദേശനയം. ഇത്തരത്തില്‍ നയം രൂപീകരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി സ്വീഡന്‍ അങ്ങനെ മാറുകയും ചെയ്തിരുന്നു.

സര്‍ക്കാരിന്‍റെ സ്ത്രീപക്ഷ നിലപാടിന് രാജ്യാന്തര തലത്തില്‍ ഏറെ ശ്രദ്ധയും അഭിനന്ദനവും ലഭിക്കുകയും ചെയ്തിരുന്നു. സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സൺ തന്‍റെ സര്‍ക്കാരിലെ പുതിയ നിയമനങ്ങള്‍  അവതരിപ്പിച്ചതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രി നയം മാറ്റം പ്രഖ്യാപിച്ചത്. സ്വീഡന്‍റേയും ഈ സര്‍ക്കാരിന്‍റേയും സുപ്രധാന മൂല്യങ്ങളിലൊന്നാണ് ലിംഗ സമത്വം എന്നാല്‍ ഫെമിനിസ്റ്റ് വിദേശകാര്യ നയം ഞങ്ങള്‍ നടപ്പിലാക്കില്ല. കാരണം ആശയത്തിനാണ് പേരിനേക്കാളും പ്രാധാന്യമുള്ളതെന്നാണ് തോബിയാസ് ബില്‍സ്ട്രോം ചൊവ്വാഴ്ച വ്യക്തമാക്കിയത്.

ഫെമിനിസ്റ്റ് വിദേശനയം വിശദമാക്കുന്ന സര്‍ക്കാരിന്‍റെ ഓണ്‍ലൈന്‍ പേജും പ്രഖ്യാപനത്തിന് പിന്നാലെ ലഭ്യമല്ലാതായി. അവകാശം, പ്രാതിനിധ്യം, വിഭവങ്ങള്‍ എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞാണ് മുന്‍ സര്‍ക്കാര്‍ ഈ നയം പ്രഖ്യാപിച്ചത്. രാഷ്ട്രീയ പങ്കാളിത്തത്തിനുള്ള അവകാശങ്ങൾ, സാമ്പത്തിക വിമോചനം, ലൈംഗിക, പ്രത്യുൽപാദന അവകാശങ്ങൾ എന്നിവ ഫെമിനിസ്റ്റ് വിദേശനയങ്ങളിലെ സുപ്രധാന സംഗതികളായിരുന്നു.

ലോകമെമ്പാടും ഈ നയതന്ത്രം ചര്‍ച്ചയാവുകയുെ ചെയ്തിരുന്നു. ന്യൂനപക്ഷ സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് സ്വീഡന്‍റെ വിദേശ നയത്തില്‍ മാറ്റം വന്നത്. സെഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടിക്കായിരുന്നു കൂടുതല്‍ വോട്ട് ലഭിച്ചത് എന്നാല്‍  ഉൽഫ് ക്രിസ്റ്റേഴ്സൺ സഖ്യ സര്‍ക്കാരിന് രൂപം നല്‍കുകയായിരുന്നു. ചെറുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയതോടെ ഇടത് പക്ഷത്തിന് വലതുപക്ഷത്തേക്കാള്‍ മൂന്ന് സീറ്റുകള്‍ കുറവായിരുന്നു. 

Related News