'പുതിയ ഒമിക്രോണ്‍ വകഭേദം പുതിയ കൊവിഡ് തരംഗത്തിനും കാരണമാകാം'

  • 21/10/2022



കൊവിഡ് 19 രോഗവുമായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുക തന്നെയാണ്. മിക്ക രാജ്യങ്ങളും കൊവിഡുമായി ഒത്തുചേര്‍ന്നുകൊണ്ട് തന്നെ സാധാരണജീവിതം നയിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇതിനിടയില്‍ വലിയൊരു വിഭാഗം പേരും കൊവിഡുമായി ബന്ധപ്പെട്ടുള്ള ആശങ്കകളെയെല്ലാം മാറ്റിവയ്ക്കുകയോ മറന്നുകളയോ ചെയ്തിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. വാക്സിൻ പോലും കൃത്യമായി സ്വീകരിക്കുന്നില്ലെന്ന് നിരീക്ഷിച്ചാല്‍ നമുക്ക് മനസിലാകും. 

എന്നാല്‍ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ പലതും ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തില്‍ കൊവിഡ് നമ്മളില്‍ അപകടമുണ്ടാക്കില്ലെന്ന് ചിന്തിച്ച് മുന്നേറുന്നത് ബുദ്ധിശൂന്യതയാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ലോകാരോഗ്യ സംഘടനാപ്രതിനിധിയും ശാസ്ത്രജ്ഞയുമായ ഡോ. സൗമ്യ സ്വാമിനാഥൻ. 

ഇപ്പോള്‍ കണ്ടെത്തപ്പെട്ടിട്ടുള്ള XBB ഒമിക്രോണ്‍ വകഭേദം പല രാജ്യങ്ങളിലും പുതിയ കൊവിഡ് തരംഗത്തിന് കാരണമായി വരാമെന്നും ഇവര്‍ പറയുന്നു. 

'ഒമിക്രോമിന് ഇതുവരെ 300ഓളം വകഭേദങ്ങളും ഉപവകഭേദങ്ങളും കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലായി XBBയും. പല വകഭേദങ്ങളും ഒന്നിച്ച് ചേര്‍ന്നുണ്ടായതാണ് XBB. ഓരോ തവണയും ജനിതകവ്യതിയാനം സംഭവിച്ച് പുതിയ വകഭേദമുണ്ടാകുമ്പോള്‍ അത് കൂടുതല്‍ കൂടുതല്‍ രോഗവ്യാപനശേഷി നേടുകയാണ്. 

അതായത് ആന്‍റിബോഡികളോട് പൊരുതി പെട്ടെന്ന് ശരീരത്തിനകത്തേക്ക് പ്രവേശിക്കാനുള്ള കഴിവ് ഇവ കൂടുതലായി ആര്‍ജ്ജിച്ചെടുത്തിരിക്കും. XBBയുടെ കാര്യവും സമാനം തന്നെ. അതിനാല്‍ ചില രാജ്യങ്ങളിലെങ്കിലും ഇത് പുതിയ കൊവിഡ് തരംഗം സൃഷ്ടിച്ചേക്കാം...'- ഡോ. സൗമ്യ സ്വാമിനാഥൻ പറയുന്നു. 

ഒമിക്രോണ്‍ ബിഎ.5, ബിഎ.1 എന്നിവയുടെ വകഭേദങ്ങളെ കുറിച്ചും ഗവേഷകര്‍ നിരീക്ഷിച്ചുവരികയാണെന്ന് ഇവര്‍ വ്യക്തമാക്കി. നിലവില്‍ ഇവയൊന്നും കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നില്ലെന്നും എങ്കിലും ഇവയെ കൃത്യമായി നിരീക്ഷിക്കേണ്ടത് പ്രധാനമാണെന്നും ഇവര്‍ പറയുന്നു. 

മൂന്ന് ഡോസ് വാക്സിൻ, അതായത് ആദ്യത്തെ രണ്ട് ഡോസും ബൂസ്റ്റര്‍ ഡോസും എടുക്കേണ്ടതിന്‍റെ ആവശ്യകതയും ഡോ. സൗമ്യ സ്വാമിനാഥൻ ആവര്‍ത്തിച്ചു. ഇന്ത്യയടക്കം പല രാജ്യങ്ങളിലും വാക്സിൻ മുഴുവൻ ഡോസും സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞതായും ഇവര്‍ ശ്രദ്ധയില്‍ പെടുത്തുന്നു. 

Related News