കഞ്ചാവ് അടങ്ങിയ ഗമ്മി കഴിച്ച് നാലു വയസ്സുകാരന്‍ മരിച്ചു; അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസ്

  • 24/10/2022

അമേരിക്ക: കഞ്ചാവ് അടങ്ങിയ ഗമ്മി കഴിച്ച് നാലു വയസ്സുകാരന്‍ മരിച്ചു. അമേരിക്കയിലെ വിര്‍ജീനിയയിലെ സ്പോട്സില്‍വാനിയയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ അമ്മക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. 

ഡൊറോത്തി അനറ്റ് ക്ലെമന്‍റ് എന്ന മുപ്പതുകാരിക്ക് എതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. മകന്‍ ഗമ്മി തൊണ്ടയില്‍ കുടുങ്ങി ചലനമറ്റ നിലയിലായിട്ടും അവശ്യ സേവനത്തിന്‍റെ സഹായം തേടാതിരുന്നതാണ് ഡൊറോത്തിക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ കാരണമായത്.

മെയ് ആറിനാണ് ഡൊറോത്തിയുടെ നാലു വയസുള്ള മകന്‍ ഗമ്മി കഴിച്ച് അവശ നിലയിലായത്. കുഞ്ഞിനെ അവശ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചു. ഉചിതമായ സമയത്ത് ആവശ്യമായ സേവനം ലഭിച്ചിരുന്നുവെങ്കില്‍ നാലു വയസുകാരന്‍ രക്ഷപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. 

അമിതമായ അളവില്‍ കഞ്ചാവ് അടങ്ങിയ ഗമ്മി കഴിച്ചതിനേ തുടര്‍ന്നായിരുന്നു കുഞ്ഞ് അവശനിലയിലായത്. കഞ്ചാവ് അടങ്ങിയ ഗമ്മി ദഹിക്കാതെ വന്നതും തൊണ്ടയില്‍ കുടുങ്ങിയതുമാണ് മരണകാരണമായി വിലയിരുത്തുന്നത്.
 

Related News