ബ്രിട്ടനെ ഇനി നയിക്കുക ഒരു ഇന്ത്യക്കാരൻ: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക്

  • 25/10/2022




ലണ്ടൻ:∙ രണ്ടു നൂറ്റാണ്ടോളം ഇന്ത്യയെ അടക്കിഭരിച്ച ബ്രിട്ടനെ ഇനി നയിക്കുക ഒരു ഇന്ത്യക്കാരൻ. ഒരേസമയം ഇന്ത്യയുടെ ചെറുമകനും മരുമകനുമാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യയിൽനിന്നും ഈസ്റ്റ് ആഫ്രിക്ക വഴി ബ്രിട്ടനിലേക്കു കുടിയേറിയ പഞ്ചാബി കുടുംബത്തിൽ ജനിച്ചയാളാണ് ഋഷി സുനക്. സതാംപ്റ്റണിൽ ബ്രിട്ടിഷ് പൗരനായി ജനിച്ച ഋഷി, ഈ അർഥത്തിൽ ഇന്ത്യയുടെ ചെറുമകനാണ്. ഇൻഫോസിസ് സ്ഥാപക ചെയർമാനായ എൻ.ആർ.നാരായണമൂർത്തിയുടെ മകൾ അക്ഷതയാണ് ഋഷിയുടെ ഭാര്യ. ഏറെക്കാലമായി ബ്രിട്ടനിലായിട്ടും ഇന്ത്യൻ പൗരത്വം കളയാതെ സൂക്ഷിക്കുന്ന അക്ഷതയുടെ ഭർത്താവെന്ന നിലയിൽ ഇന്ത്യയുടെ മരുമകനുമാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി.

കുടിയേറ്റ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണെങ്കിലും അദ്ദേഹം വെറും ഇന്ത്യൻ വംശജനല്ല. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഭാരതീയതയും ഭഗവത്ഗീതയയും നെഞ്ചിലേറ്റി ജീവിക്കുന്നയാളാണ്. വിദേശത്തു ജനിച്ചു വളർന്നിട്ടും പ്രശസ്തമായ സർവകലാശാലകളിൽ പഠിച്ചിട്ടും ഭാരതീയ മൂല്യങ്ങൾ വ്യക്തിജീവിതത്തിൽ കൈവിടാതെ സൂക്ഷിക്കുന്ന വ്യക്തി. അതുകൊണ്ടുതന്നെയാണ് നികുതിയുമായി ബന്ധപ്പെട്ട ഒരു ആരോപണം തന്റെ ഭാര്യയ്ക്കു നേരേ ഉയർന്നപ്പോൾ നിയമപരമായി കൊടുക്കേണ്ട നികുതി അല്ലാതിരുന്നിട്ടും ധാർമികത ഉയർത്തിപ്പിടിച്ച് അതു നൽകാൻ അദ്ദേഹം തയാറായത്.

ബ്രിട്ടനിൽ നോൺ-ഡോമിസൈൽ സ്റ്റാറ്റസുള്ളവർക്ക് നിയമപരമായി 39.35 ശതമാനത്തിന് ഡിവിഡന്റ് ടാക്സ് നൽകേണ്ടതില്ല. എന്നാൽ നിയമത്തിന്റെ പഴുതുപയോഗിച്ച് വലിയ തുക നികുതി നൽകുന്നതിൽനിന്നും ചാൻസിലറുടെ ഭാര്യ രക്ഷപ്പെടുകയാണ് എന്നായിരുന്നു ആരോപണം. നിയമപരമായി നൽകേണ്ടതില്ലെങ്കിൽകൂടി ഭർത്താവിനെതിരായ ആരോപണത്തിന്റെ പുകമറ നീക്കാൻ അക്ഷത നികുതി അടച്ചത് 20 മില്യൻ പൗണ്ടാണ്. ഇതോടെ രാഷ്ട്രീയ എതിരാളികൾ മൗനത്തിലുമായി. ഇത്രയും വലിയൊരു തുക നികുതിയടച്ചതിലൂടെ ഋഷിക്കു കൈവന്നത് തികഞ്ഞ മാന്യൻ എന്ന പരിവേഷമാണ്. പണം കണ്ടാൽ കണ്ണുമഞ്ഞളിക്കുന്ന രാഷ്ട്രീയക്കാരനല്ല എന്നു തെളിയിക്കാനും ഇതിലൂടെ ഋഷിക്കായി.

Related News