തർക്കങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ ട്വിറ്ററിനെ സ്വന്തമാക്കി ശതകോടീശ്വരൻ ഇലോൺ മസ്‌ക്

  • 28/10/2022

 



തർക്കങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ ശതകോടീശ്വരൻ ഇലോൺ മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കി. ഏറ്റെടുത്ത് മണിക്കൂറുകളക്ക് ശേഷം ട്വിറ്ററിന്റെ തലപ്പത്ത് അഴിച്ചുപണി നടത്തിയിരിക്കുകയാണ് മസ്‌ക്. ട്വിറ്റർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പരാഗ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചുവിട്ടു. 

ഇടപാടിനെച്ചൊല്ലി ആറ് മാസത്തെ തർക്കങ്ങൾക്ക് ശേഷമാണു ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്‌ക് 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തത്. ഏറ്റെടുക്കലിന് ശേഷം മസ്കിന്റെ ആദ്യ നടപടിയാണ് ഇത്. നിയമ, നയം, ട്രസ്റ്റ് എന്നിവയുടെ തലവൻ വിജയ ഗദ്ദെ, 2017 മുതൽ ട്വിറ്ററിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ നെഡ് സെഗൽ, 2012 മുതൽ ട്വിറ്ററിൽ ജനറൽ കൗൺസലായി സേവനമനുഷ്ഠിക്കുന്ന സീൻ എഡ്‌ജെറ്റും പിരിച്ചു വിട്ടവരിൽ ഉൾപ്പെടുന്നു. 

ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള മസ്കിന്റെ കരാർ കാലാവധി അവസാനിപ്പിക്കാൻ കോടതി നിർദേശിച്ച സമയപരിധിക്ക് മണിക്കൂറുകൾക്ക് മുമ്പാണ് മസ്‌ക് കരാർ പൂർത്തിയാക്കിയത്. ആറ് മാസമായി മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നതിൽ സിഇഒ പരാഗ് അഗർവാൾ ഉൾപ്പടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നതിൽ തടസം സൃഷ്ടിച്ചവരെയാണ് പുറത്താക്കുന്നതെന്ന് മാസ്കുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. നിയമപോരാട്ടങ്ങൾക്ക് കോടതിയിൽ മസ്കിനെ നേരിട്ടത് പരാഗ് അഗർവാളായിരുന്നു

വ്യാജ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ടാണ് ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നതിൽ നിന്നും പിന്മാറിയിരുന്നത്. വ്യാജ അക്കൗണ്ടുകൾ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിച്ചുവെന്ന് മസ്‌ക് ആരോപിച്ചിരുന്നു. വരും ദിവസങ്ങളിൽ ട്വിറ്ററിൽ നിന്നും കൂടുതൽ ജീവനക്കാരെ മസ്‌ക് പിരിച്ചു വിട്ടേക്കും എന്നാണ് റിപ്പോർട്ട്. വ്യാജ അക്കൗണ്ടുകളിലും നിർണായകമായ നീക്കം ഉണ്ടായേക്കും.  

Related News