കൂടുതല്‍ സഹായം വേണമെന്ന് പറഞ്ഞ യുക്രൈന്‍ പ്രസിഡന്‍റിനോട് ബൈഡന്‍ ദേഷ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

  • 01/11/2022




വാഷിംഗ്ടൺ: ഫോണ്‍ കോള്‍ ചെയ്ത യുക്രെയിന്‍ പ്രസിഡന്‍റ് സെലന്‍സ്കിയോട് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ദേഷ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണ്‍മാസത്തിലാണ് സംഭവം എന്ന് യുഎസ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എൻബിസി ന്യൂസ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.

യുക്രെയിനായി യുഎസ് പാക്കേജുകൾ പ്രഖ്യാപിക്കുമ്പോൾ ബൈഡൻ പതിവായി സെലൻസ്‌കിയെ ഫോണില്‍ വിളിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ജൂണിലെ ഫോണ്‍ കോളിലാണ് നാടകീയ സംഭാഷണം ഉണ്ടായത്. ഉക്രെയ്‌നിന് 1 ബില്യൺ യുഎസ് ഡോളർ സൈനിക സഹായം അനുവദിച്ചതായി ബൈഡൻ സെലെൻസ്‌കിയെ അറിയിക്കാനാണ് ബൈഡന്‍ യുക്രൈന്‍ പ്രസിഡന്‍റിനെ വിളിച്ചത്.

എന്നാല്‍ കോള്‍ പൂർത്തിയാക്കുന്നതിന് മുന്‍പ് തന്നെ യുക്രൈന്‍ പ്രസിഡന്‍റ് ഞങ്ങള്‍ക്ക് കൂടുതല്‍ സഹായം ആവശ്യമുണ്ടെന്നും, അത് കിട്ടുന്നില്ലെന്നും പരാതി പറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ ബൈഡന്‍ സ്വരം കടുപ്പിക്കുകയായിരുന്നു. "കുറച്ചുകൂടി ആദരവ് കാണിക്കൂ" എന്നാണ് ബൈഡന്‍ പറഞ്ഞത്.

ജൂൺ 15-നായിരിക്കുന്നു സംഭവം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ ഫോൺ കോളിന് മുന്‍പ് തന്നെ സെലൻസ്‌കിയോടുള്ള ബൈഡന്റെ അതൃപ്തി ആഴ്‌ചകളായി വളർന്നുകൊണ്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചില യുഎസ് സര്‍ക്കാറുമായി അടുത്ത വൃത്തങ്ങളുടെ അഭിപ്രായത്തിൽ, യുഎസ് പ്രസിഡന്റും യുഎസ് ഭരണകൂടവും സാധ്യമായതും കഴിയുന്നത്ര വേഗത്തിലും യുക്രൈന് സഹായം നല്‍കാന്‍ ശ്രമിക്കുന്നുണ്ട്.  എന്നാൽ ചെയ്യാത്ത കാര്യങ്ങളിൽ മാത്രം സെലെൻസ്‌കി പരസ്യമായി പറയുന്നു എന്നാണ് യുഎസ് സര്‍ക്കാറിന്‍റെ ഉന്നതകളിലെ അതൃപ്തി.

Related News