മന്ത്രിയോടുള്ള പ്രീതി തീരുമാനിക്കുന്നത് മന്ത്രിസഭ; ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

  • 02/11/2022

തിരുവനന്തപുരം: സര്‍ക്കാരിനും സര്‍വകലാശാലാ വിസിമാര്‍ക്കുമെതിരെ കടുത്ത നിലപാടെടുത്ത ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ക്ക് ചാന്‍സിലര്‍ പദവിയില്‍ സവിശേഷ അധികാരമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചാന്‍സിലര്‍ പദവി നല്‍കിയത് കേരളമാണ്. അവിടെ ഇരുന്ന് പദവിയെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നത്. താന്‍ ജുഡീഷ്യറിക്കും മേലെയാണെന്ന് ഗവര്‍ണര്‍ ഭാവിക്കുന്നു. മന്ത്രിസഭയെ മറികടന്ന് ഇടപെടുന്നു. ആഎസ്‌എസ് അനുഭാവികളെ തിരികിക്കയറ്റാന്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


തന്നിലാണ് സര്‍വ്വ അധികാരവും എന്ന് ധരിച്ചാല്‍ അത് വക വച്ച്‌ കൊടുക്കില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. സമാന്തര സര്‍ക്കാരാകാന്‍ ആരും ശ്രമിക്കണ്ട. പ്രീതി നഷ്ടപ്പെട്ടെന്ന് പറഞാല്‍ അത് തീരുമാനിക്കാന്‍ ഇവിടെ മന്ത്രിസഭയുണ്ട്. സര്‍ക്കാരും ജനങ്ങളുമുണ്ട്. ഉത്തരവാദിത്തങ്ങള്‍ ചെയ്യാന്‍ അറിയാം. അല്ലാതെ വല്ല ധാരണയും ഉണ്ടെങ്കില്‍ അത് മനസില്‍ വച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമങ്ങളുടെ നഗ്ന ലംഘനത്തിന് ആര്‍ക്കും അധികാരം ഇല്ലെന്നിരിക്കെ, സര്‍വ്വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഗവര്‍ണര്‍ക്ക് ചാന്‍സിലര്‍ പദവിയില്‍ സവിശേഷ അധികാരമില്ല. വിസിക്കെതിരെ നടപടി വേണമെങ്കില്‍ അത് സര്‍വകലാശാല ചട്ടത്തില്‍ പറയുന്നുണ്ട്. നിയമങ്ങളേയും നിയമസഭയേയും നോക്കുകുത്തിയാക്കാമെന്ന് ചിലര്‍ കരുതുന്നുണ്ട്. എന്നാലത് അംഗീകരിച്ച്‌ കൊടുക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Related News