നേപ്പാൾ വിമാനാപകടം ; മരിച്ചവരിൽ 5 ഇന്ത്യക്കാരും

  • 15/01/2023

കാഠ്മണ്ഡു∙ നേപ്പാളില്‍ യാത്രാ വിമാനം തകർന്ന് വീണ് മരിച്ചവരിൽ അഞ്ച് ഇന്ത്യക്കാരും. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 10.33നാണ് യതി എയർലൈൻസിന്റെ 9എൻ– എഎൻസി എടിആർ–72 വിമാനം കാഠ്മണ്ഡു വിമാനത്താവളത്തിൽനിന്നു പറന്നുയർന്നത്. വിമാനത്താവളത്തിലെ റൺവേയിൽ വിമാനം തകർന്ന് വീഴുകയായിരുന്നു.  ലാൻഡിങ്ങിന് അനുമതി ലഭിച്ചശേഷമാണ് ഇത് സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ഇതുവരെ 45 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 

പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു 10 സെക്കൻഡ് മാത്രം ബാക്കിനിൽക്കെയാണ് ദുരന്തമുണ്ടായതെന്ന് എയർ ട്രാഫിക് കൺട്രോൾ അധികൃതർ പറഞ്ഞു. ആകാശത്തുവച്ച് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വലിയ ശബ്ദത്തോടെ താഴേക്കു പതിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളില്‍ വൈറലായ ദൃശ്യത്തിന്റെ ആധികാരികത ഉറപ്പായിട്ടില്ല.

മോശം കാലാവസ്ഥയാകാം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ വിമാനത്താവളത്തിന്റെ റൺവേയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നോയെന്നും അതാണോ അപകടത്തിന് കാരണമെന്നുമുളള അന്വേഷണത്തിലാണ് വിദഗ്ധ സംഘം. 

Related News