ഒരുമിച്ച് മരിക്കാൻ തീരുമാനം; ഭർത്താവിനെ വെടിവെച്ച ശേഷം ഉദ്യമത്തിൽ നിന്ന് പിന്മാറി ഭാര്യ: അറസ്റ്റ്

  • 22/01/2023

കിടപ്പുരോഗിയായ ഭര്‍ത്താവിനെ വെടിവെച്ചുകൊന്ന 76 -കാരിയായ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഫ്ലോറിഡയിലെ ഡേടോണ ബീച്ച്‌ ആശുപത്രിയിലാണ് സംഭവം നടന്നത്. പൂര്‍ണ്ണമായും കിടപ്പുരോഗിയായ ഭര്‍ത്താവിനെ ആശുപത്രിക്കുള്ളില്‍ വച്ചാണ് ഭാര്യ തലയ്ക്ക് വെടിവെച്ച്‌ കൊന്നത്. 77 വയസ്സായിരുന്നു ഇയാള്‍ക്ക്. സംഭവത്തില്‍ പൊലീസ് സ്ത്രീയെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.


ശനിയാഴ്ച രാവിലെ 11:30 -നാണ് സംഭവം നടന്നത്. പൂര്‍ണ്ണമായും കിടപ്പുരോഗികളെ പ്രവേശിപ്പിക്കുന്ന ആശുപത്രിയുടെ പതിനൊന്നാം നിലയിലായിരുന്നു ഇയാളെ കിടത്തിയിരുന്നത്. അവിടെവച്ചാണ് ഭാര്യ ഇയാള്‍ക്ക് നേരെ വെടി ഉതിര്‍ത്തത്. എന്നാല്‍ ഭര്‍ത്താവിന്റെ സമ്മതത്തോടെയാണ് സ്ത്രീ ഇങ്ങനെ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ഒരുമിച്ച്‌ മരിക്കാന്‍ ആയിരുന്നു തീരുമാനം. അതിനായി ഭാര്യ ഒരു തോക്ക് സംഘടിപ്പിക്കുകയും അതുമായി ആശുപത്രിയില്‍ എത്തുകയും ചെയ്തു. ഭാര്യയെ വെടിവെച്ച്‌ കൊന്നതിനുശേഷം ഭര്‍ത്താവ് സ്വയം വെടിവെച്ച്‌ മരിക്കാന്‍ ആയിരുന്നു ഇവര്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍, നിരവധിതവണ ശ്രമിച്ചിട്ടും ഭര്‍ത്താവിന് തോക്ക് കൃത്യമായി കൈകളില്‍ പിടിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ഭാര്യ ആ ജോലി ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ വെടിവച്ചതിനുശേഷം സ്വയം വെടിവെക്കാനായി ഭയം തോന്നിയതിനെത്തുടര്‍ന്ന് അവര്‍ ആ ഉദ്യമത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ആശുപത്രി ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി സംഭവസ്ഥലത്തുനിന്ന് തന്നെ സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡേടോണ ബീച്ചിലെ വോലൂസിയ കൗണ്ടി ജയിലിലേക്ക് സ്ത്രീയെ മാറ്റി.

പ്രായമേറെ ആയതിനാലും ഇരുവരും രോഗികള്‍ ആയതിനാലും ആണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത് എന്നാണ് സ്ത്രീ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ തനിക്ക് സ്വയം തോക്ക് ചൂണ്ടിയപ്പോള്‍ ഭയം തോന്നിയതിനാല്‍ വെടിവയ്ക്കാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഏറെ അസ്വാഭാവികമായ ഒരു സംഭവമാണ് എന്നാണ് പൊലീസ് ഇക്കാര്യത്തെക്കുറിച്ച്‌ പറഞ്ഞത്.

Related News