45 വയസുള്ള കോടീശ്വരന്‍ '18 കാരനായി മാറാന്‍' ചികിത്സ; പ്രായം കുറഞ്ഞതായി കമ്പനി

  • 26/01/2023

വാഷിംഗ്ടണ്‍: എപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കാനാണ് മിക്കവര്‍ക്കും ഇഷ്ടം. ചിലര്‍ ചെറുപ്പമായി തോന്നാന്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയമാകാറുണ്ട്. എന്നാല്‍ 45 വയസുള്ള കോടീശ്വരന്‍ '18 കാരനായി മാറാന്‍' വേണ്ടി ചെയ്തത് മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ്. 'പ്രോജക്റ്റ് ബ്ലൂപ്രിന്റ്' വഴി തന്റെ പ്രായം കുറയ്ക്കാനായതായി കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയര്‍ കമ്ബനിയായ കേര്‍ണല്‍കോയുടെ സിഇഒ ബ്രയാന്‍ ജോണ്‍സണ്‍ അവകാശപ്പെടുന്നു.


ഒരു വര്‍ഷം രണ്ട് മില്യണ്‍ ഡോളര്‍ വരെ ചിലവാകുന്ന ചികിത്സയ്ക്ക് ബ്രയാന്‍ വിധേയമാകുന്നതായാണ് റിപ്പോര്‍ട്ട്. 45 കാരനായ ജോണ്‍സന്റെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 30 അംഗ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദഗ്ധരുടെയും ഒരു ടീം തന്നെയുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ജോണ്‍സന്റെ ഓരോ അവയവങ്ങളിലെയും 'പ്രായമാകല്‍' മാറ്റുന്നതിനായി പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പ്രോജക്റ്റ് ബ്ലൂപ്രിന്റിന് കീഴില്‍, ജോണ്‍സണ്‍ കര്‍ശനമായ ദിനചര്യ പിന്തുടരുകയും സസ്യാഹാരം മാത്രം കഴിക്കുകയും ചെയ്യുന്നു. ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുന്നു, എല്ലാ രാത്രിയിലും ഒരേ സമയം ഉറങ്ങാന്‍ പോകുന്നു. ജൂസുമായി രാവിലെ അഞ്ച് മണിക്ക് ഓരോ ദിനവും ആരംഭിക്കുന്നു. ദിവസം മുഴുവനും, ജോണ്‍സന്റെ ആരോഗ്യനിലകള്‍ അളക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. അള്‍ട്രാസൗണ്ട്, എംആര്‍ഐകള്‍, കൊളോനോസ്കോപ്പികള്‍, രക്തപരിശോധനകള്‍ എന്നിവ ഇദ്ദേഹത്തിന്റെ ജീവിതത്തിലെ സ്ഥിരം കാര്യങ്ങളാണ്. ഭാരം, ബോഡി മാസ് ഇന്‍ഡക്സ്, ശരീരത്തിലെ കൊഴുപ്പ്, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, ഹൃദയമിടിപ്പ് വ്യതിയാനങ്ങള്‍ എന്നിവ ദിവസവും അളക്കുന്നു.

രാത്രികാല ഉദ്ധാരണങ്ങളുടെ അളവ് ഒരു കൗമാരക്കാരന്റേത് പോലെയാണോ എന്ന് ദിവസവും രാത്രിയില്‍, യന്ത്രം ട്രാക്ക് ചെയ്യുന്നു. ഇദ്ദേഹത്തിന്റെ മെഡിക്കല്‍ ടീമിനെ നയിക്കുന്നത് 29 കാരനായ ഒലിവര്‍ സോള്‍മാന്‍ എന്ന ഫിസിഷ്യനാണ്, മനുഷ്യര്‍ക്ക് അവരുടെ അവയവങ്ങളുടെ ജൈവിക പ്രായം 25% കുറയ്ക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ലക്ഷ്യം.

Related News