കുഞ്ഞ് ശരീരം മുഴുവൻ ടാറ്റുവും സ്വർണഭരണങ്ങളും; അമ്മക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

  • 28/01/2023

ഒരു കുഞ്ഞിന്റെ ശരീരത്തിന്റെ പകുതി ഭാഗവും ടാറ്റൂ ആണെങ്കില്‍ എങ്ങനെയുണ്ടാകും? അത്തരത്തിലുള്ള ഒരു കുഞ്ഞിന്റെ ചിത്രവും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.


അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനറായ ഷമേകിയ മോറിസന്റെ മകന്‍ ട്രെയ്‌ലിന്‍ അര്‍മാനിയാണ്‌ ഈ വൈറല്‍ കുഞ്ഞ്. ട്രെയ്‌ലിന്‍ ജനിച്ച്‌ ആറാം മാസം മുതല്‍ അവന്റെ ശരീരത്തില്‍ അമ്മ ഷമേകിയ ടാറ്റൂ ചെയ്യാന്‍ തുടങ്ങി. എന്നാല്‍ എല്ലാം താത്കാലിക ടാറ്റൂകളാണ്. രണ്ടാഴ്ച്ചയാണ് ഇത്തരം ടാറ്റൂകളുടെ ആയുസ്. ഇത്തരത്തിലുള്ള ധാരാളം ക്രിയേറ്റീവ് ടാറ്റൂകള്‍ ഇപ്പോള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ട്.

ഇതിനൊപ്പം വലിയ സ്വര്‍ണ വാച്ചും സ്വര്‍ണ മാലയുമെല്ലാം ഈ കുഞ്ഞ് അണിഞ്ഞിട്ടുണ്ട്. ബോസ് ബേബി സിനിമകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഷമേകിയ കുഞ്ഞിനെ ഇത്തരത്തില്‍ ഒരുക്കുന്നത്. മകനെ ഒരു കുട്ടി ബോസിനെപ്പോലെ ആക്കിയെടുക്കാനായിരുന്നു അവരുടെ ശ്രമം. ഇതിനൊപ്പം കുഞ്ഞിന് നൂറുകണക്കിന് ഷൂസുകളും വസ്ത്രങ്ങളും ഈ അമ്മ ഒരുക്കിവെച്ചിട്ടുണ്ട്.

കുഞ്ഞിനെ ഈ രൂപത്തില്‍ മാറ്റിയെടുത്തതിന് ഷമേകിയയെ അഭിനന്ദിക്കുന്നവരും വിമര്‍ശിക്കുന്നവരുമുണ്ട്. ഇത്രയും ചെറിയ പ്രായത്തില്‍, കുഞ്ഞിന്റെ അനുവാദം ചോദിക്കാതെ ടാറ്റൂ ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ഒരു കൂട്ടം ആളുകള്‍ വാദിക്കുന്നു.

എന്നാല്‍ താന്‍ അതൊന്നും കാര്യമാക്കുന്നില്ലെന്ന് ഷമേകിയ പറയുന്നു. ഇതാണ് താന്‍ ആസ്വദിക്കുന്ന ജീവിതരീതിയെന്നും അവനുമായി പുറത്തുപോകുമ്ബോള്‍ ആളുകള്‍ ശ്രദ്ധിക്കുന്നത് ആസ്വദിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. എഴുപതിനായിരത്തോളം ആളുകളാണ് ഈ ടാറ്റൂ ബോയിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.

Related News