കളിക്കിടെ ഒളിക്കാൻ കയറിയത് കണ്ടെയ്നറിൽ; ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ കണ്ടത് വേറൊരു രാജ്യം

  • 28/01/2023

ധാക്ക: ഒളിച്ചുകളി മൂത്തപ്പോള്‍ ആരും കണ്ടുപിടിക്കാതിരിക്കാന്‍ ഷിപ്പിംഗ് കണ്ടെയ്‌നറില്‍ കയറി ഒളിച്ച പയ്യന്‍ ഒരു ഉറക്കം കഴിഞ്ഞ് ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ കണ്ടത് വേറൊരു രാജ്യം. ജനുവരി 11 ന് ബംഗ്‌ളാദേശിലെ ചിറ്റഗോംഗില്‍ കളിച്ചു കൊണ്ടിരുന്ന 15 കാരന്‍ ഫാഹീമാണ് ഞെട്ടിയത്. ഫാഹീം ഉറങ്ങിയെഴുന്നേറ്റത് താന്‍ കൂട്ടുകാരുമായി കളിച്ചു കൊണ്ടിരുന്ന സ്ഥലത്തു നിന്നും 2000 മൈല്‍ അകലെ ആയിരുന്നു.


കളിക്കിടയില്‍ കണ്ടെയ്‌നറില്‍ കയറി ഒളിച്ച ഫാഹീം അവിടെ കിടന്നുറങ്ങി. ഹാഫീം കയറിയ കണ്ടെയ്‌നര്‍ പിന്നീട് പൂട്ടി കണ്ടെയ്‌നര്‍ ഷിപ്പിലേക്ക് മാറ്റുകയും അതുമായി കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ പിറ്റേന്ന് തന്നെ യാത്ര തിരിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം മലേഷ്യന്‍ തുറമുഖമായ ക്ലാങ്ങിലെ തുറമുഖ തൊഴിലാളികളും പോലീസുകാരും ചേര്‍ന്നാണ് ഫാഹീമിനെ കണ്ടെത്തിയത്. ജനുവരി 17 ന് കണ്ടെയ്‌നര്‍ തുറക്കുമ്ബോള്‍ വിശന്ന് തളര്‍ന്ന് ശരീരത്തെ ജലാംശമെല്ലാം നഷ്ടപ്പെട്ട് ഭക്ഷണത്തിനായി കരയുന്ന നിലയിലായിരുന്നു ഫാഹീം.

ഉടന്‍ തന്നെ കുട്ടിയെ തൊട്ടടുത്ത തെംഗു അംപൂയന്‍ റഹിമാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയും ഭക്ഷണവും നല്‍കുകയും ചെയ്തു. കണ്ടെയ്‌നറില്‍ ആരോ ശക്തിയായി ഇടിക്കുന്ന ശബ്ദം കേട്ട് തുറമുഖം ജീവനക്കാരില്‍ ഒരാള്‍ വന്നു തുറന്ന് നോക്കിയതാണ് ഫാഹീമിന് രക്ഷയയാത്. ഉടന്‍ തന്നെ കുട്ടിയെ എല്ലാവരും ചേര്‍ന്ന് പുറത്തെത്തിക്കുകയും ചെയ്തു. കണ്ടെയ്‌നര്‍ തുറന്നപ്പോള്‍ ആകെ ക്ഷീണിതനായ ഫാഹീം അമ്ബരന്ന് പോയി.
പരിചയമുള്ള മുഖമോ പരിചിതമായ ഭാഷയോ അല്ലാതെ ആകെ കുഴങ്ങുകയും ചെയ്തു.

ആദ്യം മനുഷ്യക്കടത്താണെന്നാണ് അധികൃതര്‍ കരുതിയത്. പിന്നീട് കുട്ടിയുടെ ഭാഷ അറിയാവുന്ന ആളെത്തി വിവരം അറിയുകയായിരുന്നു. കണ്ടെയ്നറില്‍ ഒരു കുട്ടി മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ഇത് മനുഷ്യക്കടത്തല്ലെന്ന് മലേഷ്യന്‍ ആഭ്യന്തരമന്ത്രി സൈഫുദ്ദീന്‍ നഷൂസന്‍ ബിന്‍ ഇസ്മായീലും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് ഇതേ കപ്പലില്‍ തന്നെ ഹാഫീനെ മലേഷ്യ ജന്മനാട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു.

Related News