പാക് സമ്പത്ത് വ്യവസ്ഥയ്‌ക്കൊപ്പം കൂപ്പുകുത്തി പാകിസ്താൻ രൂപ

  • 29/01/2023



ഇസ്ലാമാബാദ്: പാക് സമ്പത്ത് വ്യവസ്ഥയ്‌ക്കൊപ്പം കൂപ്പുകുത്തി പാകിസ്താൻ രൂപയുടെ മൂല്യം. കഴിഞ്ഞ ദിവസം മാത്രം 7.17 പോയിന്റ് നഷ്ടം കറൻസിക്ക് സംഭവിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ വ്യക്തമാക്കി. വെള്ളിയാഴ്ചത്തെ കണക്കുകൾ പ്രകാരം ഇന്റർബാങ്ക്, ഓപ്പൺ മാർക്കറ്റ് എന്നിവയുടെ മൂല്യം ഒരു ഡോളറിന് 262.5 എന്ന നിലയിലേക്ക് ഇടിഞ്ഞു.

1999-ൽ പുതിയ എക്‌സ്‌ചേഞ്ച് സംവിധാനം അവതരിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് പാകിസ്താൻ രൂപയുടെ മൂല്യം ഇത്രയും ഇടിയുന്നത്. പാകിസ്താൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണെന്ന് ഐഎംഎഫ് പുറത്തുവിട്ട കണക്കും വ്യക്തമാക്കുന്നു. നിലവിൽ ഒരു പാകിസ്താൻ രൂപ 0.31 ഇന്ത്യൻ രൂപയ്‌ക്ക് സമമായിരിക്കുകയാണ്.

കറൻസിയുടെ മൂല്യ തകർച്ച വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് കൂടുതൽ പ്രഹരം ഏൽപ്പിച്ചിരിക്കുകയാണ്. ഊർജ പ്രതിസന്ധിയും ഭക്ഷണ സാമഗ്രികളുടെ ലഭ്യതക്കുറവും രൂക്ഷമായി തുടരുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങൾ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. ജനങ്ങൾ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നതും ധാന്യ ലോറിയ്‌ക്ക് പുറകെ ഓടുന്നതുമായ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഭക്ഷ്യ വസ്തുക്കൾ ലഭിക്കാതെ ആയതോടെ പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾ സർക്കാരിനെതിരെ തെരുവിലിറങ്ങുന്ന ദൃശ്യങ്ങൾ സാമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഗിൽജിത് ബാൾട്ടിസ്താനിലെ ജനങ്ങൾ ഇന്ത്യയിലേക്കുള്ള റോഡ് തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന വീഡിയോകളും വൈറലായിരുന്നു.

Related News