തനിക്കുള്ള മുഴുവന്‍ സ്വത്തും വിറ്റ് ഭീമൻ വാട്ടർ ടാങ്ക് വാങ്ങി; പിന്നാലെ ആഡംബര ഭവനം പണിത് യുവാവ്

  • 31/01/2023

തനിക്കുള്ള മുഴുവന്‍ സ്വത്തും വിറ്റ് ഉപയോഗ ശൂന്യമായി കിടന്ന ഒരു വാട്ടര്‍ ടാങ്ക് വിലയ്ക്ക് വാങ്ങി. വാട്ടര്‍ ടാങ്ക് എന്ന് പറഞ്ഞാല്‍ അത്ര ചെറിയ വാട്ടര്‍ ടാങ്ക് ഒന്നുമല്ല കേട്ടോ, 1940 കളില്‍ പണി കഴിപ്പിച്ച ഭീമാകാരനായ ഒരു വാട്ടര്‍ ടാങ്കായിരുന്നു അത്. ഇനി അത് എന്തിനായിരുന്നു എന്നുകൂടി കേള്‍ക്കുമ്ബോഴാണ് ശരിക്കും നിങ്ങള്‍ അത്ഭുതപ്പെടുക. ആ വാട്ടര്‍ ടാങ്കിനെ ഒരു ആഡംബര ഭവനം ആക്കി മാറ്റുകയായിരുന്നു അയാളുടെ ലക്ഷ്യം. റോബ് ഹണ്ട് എന്ന യു കെ സ്വദേശിയായ മനുഷ്യനാണ് ഇത്തരത്തില്‍ ആരു കേട്ടാലും അമ്ബരന്നു പോകുന്ന തന്‍റെ സ്വപ്നത്തിനായി സര്‍വ്വ സമ്ബാദ്യവും ചെലവഴിച്ചത്.

റോബ് ഹണ്ടിന്‍റെ ആഗ്രഹം കേട്ടവര്‍ കേട്ടവര്‍ അദ്ദേഹത്തെ ഉപദേശിച്ചു. ഭ്രാന്ത് കാണിക്കരുതെന്നും ദുഃഖിക്കേണ്ടി വരുമെന്നുമായിരുന്നു പലരുടെയും ഉപദേശം. പക്ഷേ അദ്ദേഹം അതിനൊന്നും ചെവി കൊടുത്തില്ല. തന്‍റെ സ്വപ്നത്തിലേക്കുള്ള പ്രയാണത്തിലായിരുന്നു അയാള്‍. വാട്ടര്‍ ടാങ്ക് സ്വന്തമാക്കി ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം തന്‍റെ വലിയ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് അദ്ദേഹം.

2019 ലാണ് റോബ് ഹണ്ട് ഉപയോഗശൂന്യമായി കിടന്ന ഈ വാട്ടര്‍ ടാങ്ക് സ്വന്തമാക്കുന്നത്. പിന്നീട് മൂന്ന് വര്‍ഷവും മൂന്ന് ദിവസവും നീണ്ടുനിന്ന പുനര്‍നിര്‍മ്മാണ ജോലികള്‍ക്കൊടുവില്‍ യുകെയിലെ തന്നെ ഏറ്റവും ആകര്‍ഷണീയമായ ഭവന പുനര്‍ നിര്‍മ്മാണ പദ്ധതിയായി ഇത് മാറുകയായിരുന്നു. അതെ, 80 വര്‍ഷങ്ങള്‍ക്ക് മുമ്ബ് പണികഴിപ്പിച്ച ആ വാട്ടര്‍ ടാങ്ക് ഇന്ന് ആരു കണ്ടാലും മോഹിച്ചു പോകുന്ന ആഡംബര ഭവനമാണ്. മൂന്ന് നിലകളിലായി നാല് കിടപ്പുമുറികളും അടുക്കളയും ഹാളുകളും ഒക്കെയായി മാറ്റം വരുത്തിയ നയന മനോഹരമായ ഒരു കൊട്ടാരം എന്ന് തന്നെ വേണം ഇതിനെ വിശേഷിപ്പിക്കാന്‍. ഡെവോണിലെ ബൈഡ്‌ഫോര്‍ഡിലെ ക്ലോവെല്ലി ക്രോസിനടുത്തുള്ള ഈ വാട്ടര്‍ ടാങ്ക് മൂന്ന് വര്‍ഷം കൊണ്ട് ആഡംബര ഭവനമാകുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം വാട്ടര്‍ ടാങ്ക് കണ്‍വേര്‍ഷന്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

സമ്മര്‍ സീസണില്‍ തന്‍റെ വാട്ടര്‍ ടാങ്ക് ആഡംബര ഭവനം വില്‍ക്കാനാണ് റോബ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്‍റെ വില്പനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച്‌ വാട്ടര്‍ ടാങ്കിന്‍റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി തനിക്ക് മുടക്കേണ്ടി വന്ന തുക തിരികെ പിടിക്കാനും പണം കടമായി തന്നവര്‍ക്ക് തിരിക്കാന്‍ നല്‍കാനുമാണ് ഇദ്ദേഹത്തിന്‍റെ തീരുമാനം. ശേഷിക്കുന്ന ബാക്കി പണം ഉപയോഗിച്ച്‌ സമാനമായ രീതിയില്‍ വേറിട്ട് നില്‍ക്കുന്ന മറ്റെന്തെങ്കിലും ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സ്വന്തം സ്വപ്ന സാക്ഷാത്കാരത്തിനായി വ്യത്യസ്തമായ വഴി തെളിച്ച റോബ് ഹണ്ടിനെ ഒരിക്കല്‍ കളിയാക്കിയവരെല്ലാം ഇന്ന്, ആരാധനയോടെയാണ് നോക്കുന്നതെന്ന് കൂടി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

Related News