ഭൂചനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന തുർക്കിയിൽ തുറമുഖത്തെ കണ്ടെയ്നറുകള്‍ക്ക് തീ പിടിച്ചു

  • 08/02/2023



ഇസ്താംബുള്‍: തുടര്‍ ഭൂചനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന തുര്‍ക്കിയിലെ തുറമുഖത്തെ കണ്ടെയ്നറുകള്‍ക്ക് തീ പിടിച്ചു. ഭൂചലനത്തെ തുടർന്നുണ്ടായ തകരാറാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. 

മെഡിറ്ററേനിയന്‍ കടലിനോട് ചേര്‍ന്നുള്ള ഇസ്കെന്‍ഡറന്‍ നഗരത്തിലെ തുറമുഖത്തെ കണ്ടെയ്നറുകള്‍ക്കാണ് തീപിടിച്ചത്. രണ്ട് ദിവസമായി അഗ്നിബാധ നിയന്ത്രിക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചരക്ക് കയറ്റിറക്ക് സ്ഥലത്ത് തീപടർന്നതോടെ ടെർമിനൽ അടച്ചു. 

വിദേശ കപ്പലുകൾ മറ്റ് തുറമുഖങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ്. തിങ്കളാഴ്ച തുര്‍ക്കിയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ കണ്ടെയ്നറുകള്‍ തലകീഴായി മറിയുന്ന അവസ്ഥയുണ്ടായിരുന്നു. തീ അണയ്ക്കാനുള്ള പ്രയത്നത്തിലാണ് തുര്‍ക്കിയുടെ കോസ്റ്റ് ഗാര്‍ഡുള്ളതെന്നാണ് റിപ്പോര്‍ട്ട്.

തുറമുഖത്ത് നിന്ന് കറുത്ത പുക വലിയ രീതിയില്‍ ഉയരുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മേഖലയിലെ മറ്റ് വ്യാവസായിക തുറമുഖങ്ങളില്‍ പ്രശ്നങ്ങളിലെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. ഡോക്കുകള്‍ തകര്‍ന്നതായാണ് തുര്‍ക്കിയുടെ ഗതാഗത മന്ത്രാലയം ട്വീറ്റ് ചെയ്തിരിക്കുന്നത്. മേഖലയിലേക്കുള്ള ഗ്യാസ് വിതരണം നിര്‍ത്തി വച്ചിരിക്കുകയാണ്. പൈപ്പ് ലൈനുകളിലെ കേടുപാടുകള്‍ പരിഗണിച്ചാണ് നീക്കം. 

തുര്‍ക്കിയിലെ മറ്റ് തുറമുഖങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. ഇതുവരെ 7800ലധികം ആളുകൾ ഭൂചലനത്തിൽ മരിച്ചെന്നാണ് റിപ്പോർട്ട്. തുർക്കിയിൽ 5,434 പേരും സിറിയയിൽ 1,872 പേരും ഉൾപ്പടെ ആകെ 7,306 പേർ മരിച്ചെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. 20,000 പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ.

Related News