ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ കോണ്‍ക്രീറ്റ് പാളി അനുജന്‍റെ മേല്‍ പതിക്കാതെ കരവലയമൊരുക്കി 7 വയസുകാരി

  • 08/02/2023


ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിന്‍റെ നേര്‍ചിത്രമായ സഹോദരങ്ങളുടെ ചിത്രം വൈറലാവുന്നു. പൊട്ടിവീണ കോണ്‍ക്രീറ്റ് കഷ്ണത്തിനടിയില്‍ സഹോദരന്‍റെ തലയ്ക്ക് സംരക്ഷണമൊരുക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് വൈറലാവുന്നത്. 

തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും 7.8 തീവ്രതയുള്ള ഭൂകമ്പമാണ് കഴിഞ്ഞ ദിവസമുണ്ടായത്. മേഖലയെ തന്നെ സാരമായ ബാധിച്ച ഭൂകമ്പത്തില്‍ മരണ സംഖ്യ 8300 കടന്നുവെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിന് പിന്നാലെയുണ്ടായ തുടര്‍ ചലനങ്ങളാണ് തുര്‍ക്കിയെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുകുലുക്കിയത്. 21ാം നൂറ്റാണ്ടിലെ ഏറ്റവും തീവ്രതയും അപകടകരവുമായ ഭൂകമ്പമെന്നാണ് തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തെ വിലയിരുത്തുന്നത്.

പ്രതികൂല കാലാവസ്ഥകളെ വെല്ലുവിളിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രം. ഏഴ് വയസ് പ്രായമുള്ള പെണ്കുട്ടിയാണ് തന്‍റെ കുഞ്ഞു സഹോദരനെ കോണ്‍ക്രീറ്റ് പാളിക്ക് കീഴില്‍ കൈ കൊണ്ട് സംരംക്ഷിച്ച് നിര്‍ത്തിയത്. 

17 മണിക്കൂറോളം ഇത്തരത്തില്‍ കഴിഞ്ഞ സഹോദരങ്ങളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. യുഎന്‍ പ്രതിനിധിയായ മുഹമ്മദ് സഫയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഭൂകമ്പത്തിൽ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്നും നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 

പ്രസവിച്ച് മണിക്കൂറുകൾ പോലും തികയാത്ത കുഞ്ഞിനെയാണ് തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്നും രക്ഷാപ്രവർത്തകർ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Related News