ലോട്ടറിയടിച്ച കാര്യം ഭാര്യയിൽ നിന്ന് മറച്ചു വെച്ചു; സമ്മാനത്തുക നൽകിയത് മുൻ ഭാര്യയ്ക്കും സഹോദരിയ്ക്കും, കേസ്

  • 17/02/2023

ചൈനയിൽ രണ്ട് വർഷം മുമ്പ് ഷൗ എന്നൊരാൾക്ക് ഏകദേശം 10 കോടിയോളം രൂപ ലോട്ടറിയടിച്ചു. എന്നാൽ, ഇക്കാര്യം ഇയാൾ തന്റെ ഭാര്യയായ ലിന്നിൽ നിന്നും മറച്ചുവെച്ചു. ശേഷം ആഡംബരമോ ആഘോഷമോ ഒന്നും ഇല്ലാതെ അത്രയും കാലം താൻ എങ്ങനെയാണോ ജീവിച്ചത് അതുപോലെ തന്നെ തുടർന്നും ജീവിച്ചു. ലോട്ടറിയടിച്ച കാര്യമോ കോടികൾ കിട്ടിയ കാര്യമോ ഒന്നും ലിൻ അറിഞ്ഞില്ല. 

എന്നാൽ, അതേ സമയം തന്നെ ഏകദേശം രണ്ട് കോടി രൂപ തന്റെ സഹോദരിക്കും 84 ലക്ഷത്തോളം രൂപ തന്റെ മുൻഭാര്യയ്ക്ക് ഫ്‌ലാറ്റിന് വേണ്ടിയും ഷൗ നൽകിയിരുന്നു. എന്നാൽ, തന്റെ ഭർത്താവ് എന്താണ് തന്നോട് ചെയ്തത് എന്ന് ലിൻ അറിയാനിടയായി. അതോടെ അവൾ വിവാഹമോചനത്തിന് അപേക്ഷിച്ചു. ഒപ്പം സ്വത്തുകൾ തുല്യമായി വീതിക്കാനും ഒപ്പം ലോട്ടറിയടിച്ച് കിട്ടിയതിൽ നിന്നും മൂന്ന് കോടിയുടെ മൂന്നിലൊന്ന് ഭാഗം തനിക്ക് തരണമെന്നും അവൾ ആവശ്യപ്പെട്ടു. ഇരുവർക്കും അവകാശപ്പെട്ട സ്വത്തിൽ നിന്നുമാണ് സഹോദരിക്കും മുൻഭാര്യയ്ക്കും ഷൗ പണം കൊടുത്തത് എന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ലിന്നിന് അനുകൂലമായി കോടതി വിധി വന്നു. 

കഴിഞ്ഞ വർഷവും സമാനമായ ഒരു സംഭവം ചൈനയിൽ നടന്നിരുന്നു. അന്ന് തന്നെ മനസിലാകാതിരിക്കാനായി ലോട്ടറിയടിച്ച യുവാവ് മസ്‌കോട്ട് കോസ്റ്റ്യൂം ധരിച്ചാണ് സമ്മാനത്തുക വാങ്ങാൻ എത്തിയത്. ലോട്ടറിയടിച്ച കാര്യം അറിഞ്ഞാൽ തന്റെ വീട്ടുകാർ അഹങ്കാരികളും അരാജകവാദികളും ആവുമോ എന്ന് പേടിച്ചാണ് ലോട്ടറി കിട്ടിയ കാര്യം കുടുംബത്തിൽ നിന്നും മറച്ച് വയ്ക്കുന്നത് എന്നായിരുന്നു ഇയാൾ പറഞ്ഞത്.

Related News