രഹസ്യമായി വീട്ടിൽ വളർത്തിയ പുള്ളിപുലി നഗരത്തിലിറങ്ങി; ഉടമയെ കണ്ടെത്താനാവാതെ അധികൃതർ

  • 20/02/2023

പല തരത്തിലുള്ള വളര്‍ത്തുമൃഗങ്ങളെ നമ്മള്‍ വളര്‍ത്താറുണ്ട്. ചിലര്‍ രഹസ്യമായി വന്യ മൃഗങ്ങളെയും വളര്‍ത്തുന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തില്‍ പുലിയെയും കടുവയെയും ഒക്കെ വളര്‍ത്തിയവര്‍ പിടിയിലാകുന്നത് ഈ മൃഗം കൂട്ടില്‍ നിന്ന് പുറത്തിറങ്ങി നാട്ടിലാകെ പരാക്രമം കാട്ടുമ്ബോഴാണ്. ഇപ്പോള്‍ പാകിസ്ഥാനില്‍ നിന്ന് പുറത്തുവരുന്നതും അത്തരമൊരു വാര്‍ത്തയാണ്.


പാകിസ്ഥാന്‍റെ തലസ്ഥാനമായ ഇസ്ലമാബാദിലാണ് രഹസ്യമായി വീട്ടില്‍ പുള്ളിപ്പുലിയെ വളര്‍ത്തിവന്നിരുന്നത്. കഴിഞ്ഞ ദിവസം ഈ പുള്ളിപ്പുലി വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് നഗരത്തിലേക്കിറങ്ങി. പിന്നീട് മണക്കൂറുകള്‍ നീണ്ട പരാക്രമത്തിന് ഒടുവിലാണ് ഈ പുലിയെ പിടികൂടാന്‍ സാധിച്ചത്. പുലിയെ പിടികൂടിയെങ്കിലും ഏത് വീട്ടിലാണ്, ആരാണ് ഇതിനെ വളര്‍ത്തിയതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഉടമയെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് അധികൃതര്‍.

പാകിസ്ഥാന്‍റെ തലസ്ഥാനമായ ഇസ്ലമാബാദില്‍ കഴിഞ്ഞ ദിവസമാണ് പുള്ളിപ്പുലിയെ കണ്ടത്. നഗരത്തിലെ ഏതോ വീട്ടില്‍ വളര്‍ത്തിയ പുള്ളിപ്പുലി രക്ഷപെട്ട് തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. തെരുവില്‍ പുലിയെ കണ്ടതോടെ ആളുകള്‍ പരിഭ്രാന്തരായി. ആളുകളെ കണ്ടതോടെ പുലിയുടെ അവസ്ഥയും സമാനമായിരുന്നു. തിരക്കുള്ള റോഡില്‍ പുലി കാറുകള്‍ക്കിടയിലൂടെയും മറ്റും പാഞ്ഞു നടന്നു. പിന്നീട് ഒരു മതില്‍ ചാടി കടക്കുന്നതിന്‍റെയടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്.

പുലി നഗരത്തിലിറങ്ങിയെന്നറിഞ്ഞയുടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പിടികൂടാന്‍ ശ്രമം ആരംഭിച്ചു. എന്നാല്‍ ആറ് മണിക്കൂറോളം കഴിഞ്ഞാണ് ഇതിനെ പിടിക്കാനായത്. നഗരത്തില്‍ പരിഭ്രാന്തി പരത്തിയ പുലിയെ മയക്കുവെടിവച്ച്‌ വീഴ്ത്തിയ ശേഷമാണ് പിടികൂടാനായതെന്ന് ഇസ്ലാമാബാദ് വൈല്‍ഡ് ലൈഫ് മാനേജ്മെന്റ് ബോര്‍ഡ് ഡയറക്ടറായ താരിഖ് ബംഗാഷ് വ്യക്തമാക്കി. നാലു പേര്‍ക്ക് പരിക്കേറ്റതൊഴിച്ചാല്‍ കാര്യമായ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നും അദ്ദേഹം അറിയിച്ചു. രണ്ടു വയസ്സിനും മൂന്നു വയസ്സിനും ഇടയില്‍ പ്രായമുള്ള ആണ്‍ പുലിയാണ് പിടിയിലായതെന്നും നഗരത്തിലെ പഴയ മൃഗശാലയിലേക്ക് കൊണ്ടുപോയെന്നും താരിഖ് ബംഗാഷ് വ്യക്തമാക്കി. തെരുവിലിറങ്ങിയ പുള്ളിപ്പുലിയുടെ ഉടമ ആരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. അതിനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.അതേസമയം പുലി നഗരത്തിലിറങ്ങിയതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Related News