കളിപ്പാട്ടം വില്പനയിലൂടെ ഒരു കോടി രൂപ മാസവരുമാനം; പഠനത്തിനായി ബിസിനസ് ഉപേക്ഷിക്കാൻ കൗമാരക്കാരി

  • 23/02/2023

ഒരു കോടി രൂപ മാസവരുമാനമുള്ള ബിസിനസിന് ഉടമയായ പതിനൊന്നുകാരി പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായി ബിസിനസ് ഉപേക്ഷിക്കുന്നു. കളിപ്പാട്ട വില്പനയിലൂടെ ഓരോ മാസവും 110,000 പൗണ്ട് സമ്ബാദിക്കുന്ന പിക്‌സി കര്‍ട്ടിസ് എന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ ബിസിനസ്സില്‍ നിന്നും താന്‍ വിരമിക്കുന്നതായുള്ള പ്രഖ്യാപനം നടത്തിയത്.


ഓസ്ട്രേലിയന്‍ ബിസിനസ് വുമണ്‍ ആയ റോക്‌സി ജാസെങ്കോയുടെ മകളാണ് പിക്‌സി കര്‍ട്ടിസ്. അച്ഛന്‍റെ സഹായത്തോടെയാണ് പിക്‌സി തന്‍റെ ബിസിനസ് മുന്‍പോട്ടു കൊണ്ടുപോകുന്നത്. എന്നാല്‍, ഇപ്പോള്‍ തന്റെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഈ കൗമാരക്കാരി ബിസിനസ് ജീവിതത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് വിരമിക്കുന്നത്.

ഒരു ഓണ്‍ലൈന്‍ ബിസിനസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മകള്‍ ബിസിനസില്‍ നിന്നും തല്‍ക്കാലത്തേക്ക് വിട്ടുനില്‍ക്കുകയാണ് എന്ന കാര്യം റോക്‌സി ജാസെങ്കോ സ്ഥിരീകരിച്ചു. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ബിസിനസിന്റെ എല്ലാ സമ്മര്‍ദ്ദങ്ങളില്‍ നിന്നും മകളെ ഒഴിവാക്കുകയാണ് ലക്ഷ്യം എന്നും ഇവര്‍ പറഞ്ഞു. പിക്സിക്ക് സ്വതന്ത്രമായ മനസ്സോടെ പഠിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് തങ്ങളുടെ കുടുംബം എത്തിയതെന്നും ജാസെങ്കോ കൂട്ടിച്ചേര്‍ത്തു.

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പിക്സിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള കളിപ്പാട്ടങ്ങളും മറ്റും ഉള്‍പ്പെടുത്തി കൊണ്ടുള്ള ഓണ്‍ലൈന്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ന് ഓസ്ട്രേലിയയിലെ ഏറ്റവും പ്രമുഖ ഓണ്‍ലൈന്‍ കിഡ്സ് സ്റ്റോറാണ് ഇത്. ബിസിനസിന്റെ മേല്‍നോട്ടത്തില്‍ നിന്ന് പിക്‌സി വിരമിക്കുകയാണെങ്കിലും ഓണ്‍ലൈന്‍ സ്റ്റോറിന് യാതൊരുവിധ മാറ്റങ്ങളും ഉണ്ടാകില്ല എന്നും തങ്ങളുടെ ഫാമിലി ബിസിനസ് ആയി അത് തുടരുമെന്നും റോക്‌സി ജാസെങ്കോ അറിയിച്ചു.

ആരെയും അമ്ബരപ്പിക്കും വിധമുള്ള ആഡംബര ജീവിതമാണ് പിക്‌സി കര്‍ട്ടിസിന്റെത്. ഏകദേശം രണ്ടു കോടിയിലധികം രൂപ വിലവരുന്ന മെഴ്‌സിഡസ് ബെന്‍സ് Gl ഈ 11 വയസ്സുകാരിക്ക് സ്വന്തമായുണ്ട്. 33 ലക്ഷത്തിലധികം രൂപയാണ് പിക്‌സിയുടെ പതിനൊന്നാം ജന്മദിനാഘോഷങ്ങള്‍ക്കായി കുടുംബം ചിലവഴിച്ചത്.

Related News