ലോകത്തിൽ വച്ച് ഏറ്റവും ഉയരവ്യത്യാസമുള്ള ഇരട്ടകൾ; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സഹോദരങ്ങൾ

  • 27/02/2023

ഇരട്ടക്കുട്ടികൾ എപ്പോഴും ഏവരിലും കൗതുകം നിറയ്ക്കാറുണ്ട്. ഇരട്ടകളിൽ ഒരു വിഭാഗം മുഖസാമ്യതയുള്ളവരും മറുവിഭാഗം കാഴ്ചയിൽ സാമ്യതയില്ലാത്തവരും ആയിരിക്കും. ഇരട്ടകളാണെന്ന് വച്ച് സ്വഭാവത്തിലോ വ്യക്തിത്വത്തിലോ ഒന്നും സാമ്യതകളുണ്ടാകണമെന്ന് നിർബന്ധമില്ല. ചിലരിൽ ഇക്കാര്യങ്ങളും ഏകദേശം ഒരുപോലെ വരാം. ഇവിടെയിതാ ഏറെ അപൂർവതകളുള്ള  ഇരട്ടകളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ജപ്പാനിലെ ഒകയാമ സ്വദേശികളാണ് യോഷിയും മിഷിയും. ഇവർ തമ്മിലുള്ള ഉയരവ്യത്യാസമാണ് ഏറ്റവും വലിയ പ്രത്യേകത. 

യോഷിക്ക് അഞ്ചടി നാലിഞ്ചും മിഷിക്ക് രണ്ടടി 10.5 ഇഞ്ചുമാണ് ഉയരം. രണ്ടടി ഉയരം, നമുക്കറിയാം അത്ര സാധാരണമല്ല. ചില ജനിതക കാരണങ്ങളാലാണ് ഇത്തരത്തിൽ ഉയരം അസാധാരണമാംവിധം കുറഞ്ഞുപോകാറ്. മിഷിയെ സംബന്ധിച്ച് എല്ലിനെ ബാധിച്ച അപൂർവരോഗമാണ് ഉയരത്തിൻറെ രൂപത്തിൽ വില്ലനായി എത്തിയത്. എന്തായാലും ഇരട്ടകളിൽ ഒരാൾക്ക് സാധാരണ ഉയരവും മറ്റെയാൾ അസാധാരണ ഉയരത്തിലും ആകുന്നത് അപൂർവം തന്നെയാണ്. ഇതിൻറെ പേരിലിപ്പോൾ ഗിന്നസ് ലോക റെക്കോർഡ് നേടിയിരിക്കുകയാണ് ഇവർ. ലോകത്തിൽ വച്ച് ഏറ്റവും ഉയരവ്യത്യാസമുള്ള ഇരട്ട സഹോദരങ്ങൾ എന്ന പ്രത്യേകതയാണ് ഇവർക്ക് നേട്ടം സമ്മാനിച്ചിരിക്കുന്നത്. 

സാധാരണ ഉയരമുള്ളതിനാൽ തന്നെ യോഷി തൻറെ ജീവിതത്തിൽ കാര്യമായ പ്രതിസന്ധികളൊന്നും നേരിട്ടിട്ടില്ല. എന്നാൽ മിഷിയാകട്ടെ ഓരോ ഘട്ടത്തിലും പൊരുതിയാണ് മുന്നേറുന്നത്. സ്‌കൂളിൽ പഠിക്കുമ്പോഴേ താൻ മറ്റുള്ളവരിൽ നിന്ന് മാനസികമായ പീഡനം നേരിട്ടിട്ടുണ്ടെന്ന് മിഷി പറയുന്നു. ഇപ്പോഴും പുറത്തുപോകുമ്പോൾ ആളുകൾ തന്നെ തുറിച്ചുനോക്കാറുണ്ട്. അത് തനിക്ക് കുഴപ്പമില്ല. എന്നാൽ അവർ പരസ്പരം സ്വകാര്യം പറയുകയും, തൻറെ തല നോക്കി- ഇവരുടെ തല മാത്രം വലുതാണല്ലോ എന്നൊക്കെ പറയുകയും ചെയ്താൽ അത് തന്നെ ഇപ്പോഴും വിഷമിപ്പിക്കാറുണ്ടെന്ന് മിഷി പറയുന്നു. 

'കുട്ടികൾ എന്നെ ഉപദ്രവിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്താൽ സഹായത്തിന് ഞാൻ ഇവളെ വിളിക്കും. ഞങ്ങളെ കുറിച്ച് പുറംലോകമറിയണം. എന്തെന്നാൽ ഇതുപോലുള്ള ശാരീരിക സവിശേഷതകളുള്ളവർക്ക് അതൊരു പ്രചോദനമാകണം. ഏതൊരു സാധാരണക്കാരെയും പോലെ ഈ സാഹചര്യം വച്ച് ജീവിക്കാമെന്നത് കാണിക്കണം...' - മിഷി പറയുന്നു. 'ഞങ്ങൾ ഒരുപാട് വ്യത്യാസങ്ങളുള്ളവരാണ്. ഇവൾ പെട്ടെന്ന് കരയും. ഭയങ്കര സെൻറിമെൻറലാണ്. ഞാൻ മുൻശുണ്ഠിക്കാരിയുമാണ്...'- യോഷി പറയുന്നു. ഞങ്ങളുടെ അഭിരുചികളും ഇഷ്ടങ്ങളുമെല്ലാം വ്യത്യസ്തമാണെന്ന് മിഷിയും കൂട്ടിച്ചേർക്കുന്നു. 

യോഷി പുറത്ത് ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. മിഷി അച്ഛനമ്മാരുടെ കൂടെയാണ് താമസം. അവിടെ അവർക്കൊരു അമ്പലവുമുണ്ട്. അവിടത്തെ കാര്യങ്ങൾ നോക്കിനടത്താൻ അച്ഛനെ സഹായിക്കലും അത്യാവശ്യം ക്രാഫ്റ്റ് വർക്കുകൾ ചെയ്യലുമാണ് മിഷിയുടെ ജോലി.

Related News