അമ്മയില്ലാതെ രണ്ട് 'അച്ഛന്‍'മാരില്‍ നിന്ന് കുഞ്ഞുങ്ങളെ സൃഷ്ടിച്ച്‌ ശാസ്ത്രജ്ഞര്‍; പരീക്ഷണം എലികളിൽ

  • 09/03/2023

ടോക്യോ: അമ്മയില്ലാതെ രണ്ട് 'അച്ഛന്‍'മാരില്‍ നിന്ന് കുഞ്ഞുങ്ങളെ സൃഷ്ടിച്ച്‌ ചരിത്രനേട്ടം കൈവരിച്ച്‌ ശാസ്ത്രജ്ഞര്‍. ജപ്പാനിലെ ക്യുഷൂ സര്‍വകലാശാലയിലെ ജനിതകശാസ്ത്രജ്ഞരാണ് ചരിത്രപരമായ ശാസ്ത്രനേട്ടം കൈവരിച്ചത്. എലികളില്‍ കാലങ്ങളായി നടത്തിവന്ന പരീക്ഷണമാണ് ഇപ്പോള്‍ വിജയം കണ്ടെത്തിയിരിക്കുന്നത്.


ആണെലികളുടെ കോശങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തി ഭ്രൂണം വികസിപ്പിച്ചെടുത്താണ് കുഞ്ഞുങ്ങളെ സൃഷ്ടിച്ചതെന്ന് ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഭാവിയില്‍ മനുഷ്യന്റെ പ്രത്യുത്പാദനത്തിലും ഈ രീതി ഉപയോഗപ്പെടുത്താമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. വന്ധ്യതയ്ക്ക് പരിഹാരമാകാനും സമാനലിംഗത്തില്‍പ്പെട്ട പങ്കാളികള്‍ക്ക് കുട്ടികളുണ്ടാകുന്നതിനും ഈ ഗവേഷണവിജയം സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യമായാണ് പുരുഷകോശങ്ങളില്‍നിന്ന് സസ്തനികളിലെ അണ്ഡകോശങ്ങള്‍ വിജയകരമായി വികസിപ്പിച്ചെടുത്തതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ കാറ്റ്‌സുഹികോ ഹയാഷി പറഞ്ഞു. പരീക്ഷണശാലകളില്‍ കൃത്രിമമായി അണ്ഡങ്ങളും ബീജങ്ങളും വികസിപ്പിച്ചെടുക്കുന്നതില്‍ ആഗോളതലത്തില്‍ അഗ്രഗണ്യനാണ് പ്രൊഫസര്‍ ഹയാഷി. ലണ്ടനിലെ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിട്യൂട്ടില്‍ നടന്ന ഇന്റര്‍നാഷണല്‍ സമ്മിറ്റ് ഓണ്‍ ഹ്യൂമന്‍ ജെനോം എഡിറ്റിങ്ങിലാണ് പ്രൊഫസര്‍ ഹയാഷി ഗവേഷണഫലം അവതരിപ്പിച്ചത്. പത്ത് കൊല്ലത്തിനുള്ളില്‍ മനുഷ്യനില്‍ ഈ രീതി പ്രാവര്‍ത്തികമാക്കാനാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പുരുഷചര്‍മത്തിലെ കോശങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തി സമ്ബൂര്‍ണമായ ഒരു മനുഷ്യഭ്രൂണം സൃഷ്ടിക്കാനാകുമെന്ന് ഹയാഷി പറഞ്ഞു.

ആണെലിയുടെ ചര്‍മകോശത്തില്‍ നിന്ന് മൂലകോശം സൃഷ്ടിച്ച്‌ Y ക്രോമസോം ഒഴിവാക്കിയ ശേഷം X ക്രോമസോം ഇരട്ടിപ്പിക്കുകയും അതിനെ ഒരു അണ്ഡമാക്കി മാറ്റുകയും ചെയ്താണ് ഭ്രൂണം വികസിപ്പിച്ചെടുത്തതെന്ന് ദ ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗവേഷണസമയത്ത് ഏകദേശം അറുനൂറ് ഭ്രൂണങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഏഴ് ഭ്രൂണങ്ങള്‍ മാത്രമാണ് പൂര്‍ണവളര്‍ച്ചയെത്തിയ ആരോഗ്യമുള്ള എലിക്കുഞ്ഞുങ്ങളായി മാറിയത്. ഈ കുഞ്ഞുങ്ങള്‍ സാധാരണ എലിക്കുഞ്ഞുങ്ങളെ പോലെത്തന്നെ ജീവിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

2018-ലും സമാനമായ പരീക്ഷണം നടന്നിരുന്നെങ്കിലും അന്നുണ്ടായ കുഞ്ഞുങ്ങള്‍ അനാരോഗ്യമുള്ളവയായതിനാല്‍ ജനിച്ച്‌ അല്‍പസമയത്തിനുള്ളില്‍ത്തന്നെ ചത്തുപോയതായും ദ ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News