ആയുഷ് വകുപ്പിലെ നിയമനങ്ങൾ; പി.കെ. ഫിറോസ് ഉയര്‍ത്തിയ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് വീണാ ജോര്‍ജ്

  • 02/04/2023

തിരുവന്തപുരം: ആയുഷ് വകുപ്പിലെ നിയമനങ്ങളെപ്പറ്റി പി.കെ. ഫിറോസ് ഉയര്‍ത്തിയ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരം ആരോപണങ്ങള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അവര്‍ വ്യക്തമാക്കി.


ആരോഗ്യ സ്ഥാപനങ്ങളില്‍ സ്ഥിരം തസ്തികകളില്‍ നിയമനം നടത്തുന്നത് പി.എസ്.സി വഴിയാണെന്ന് മന്ത്രി പറഞ്ഞു. ചില തസ്തികളില്‍ എംപ്ലോയ്മെന്റ് എക്സേഞ്ച് വഴി നേരിട്ടും നിയമനം നടത്താറുണ്ട്. സ്ഥിരം തസ്തികകളില്‍ ഒഴിവ് വരുമ്ബോള്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത സാഹചര്യത്തില്‍ അത്തരം തസ്തികകളില്‍ എംപ്ലോയ്മെന്റ് എക്സേഞ്ച് വഴി ആളുകളെ നിയമിക്കാറുണ്ടെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

നാഷണല്‍ ആയുഷ് മിഷനിലെ നിയമനങ്ങളെല്ലാം തന്നെ കൃത്യമായ മാനദണ്ഡങ്ങളനുസരിച്ചാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പത്രപ്പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ച്‌ പരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയാണ് നിയമനം നടത്തുന്നത്. ഫിറോസ് ആരോപണം ഉന്നയിച്ച എടക്കര ആയുര്‍വേദ ആശുപത്രിയില്‍ നാഷണല്‍ ആയുഷ്മിഷന്‍ വഴി നിയമിച്ച 10 പേരെയും അപേക്ഷ ക്ഷണിച്ച്‌ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നിയമിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് നിയമിക്കപ്പെട്ട അവരുടെ കരാര്‍ പുതുക്കി നല്‍കുന്നത് നാഷണല്‍ ആയുഷ്മിഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യംവെച്ചാണെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Related News