തെക്കന്‍ കേരളത്തില്‍ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം

  • 04/04/2023

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കാറ്റ് വീശിയടിച്ചത്. ശക്തമായ കാറ്റില്‍ മരം വീണ് രണ്ട് പേര്‍ മരിച്ചു. അടൂര്‍ ചൂരക്കോട് സ്കൂട്ടറിന് മുകളില്‍ മരം വീണ് ഒരു യുവാവും കൊട്ടാരക്കര ഇഞ്ചക്കാട് ശക്തമായ കാറ്റില്‍ റബ്ബര്‍ മരം വീണ് വൃദ്ധയുമാണ് മരിച്ചത്. അതേസമയം, നാളെ വടക്കന്‍ കേരളത്തിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.


പത്തനംതിട്ട അടൂരിന് സമീപമാണ് യുവാവിന്‍റെ ദേഹത്ത് മരം വീണത്. നെല്ലിമുകള്‍ സ്വദേശി മനു മോഹന്‍ ആണ് മരിച്ചത്. 32 വയസായിരുന്നു. അടൂരില്‍ പലയിടത്തും ശക്തമായി വീശിയ കാറ്റില്‍ വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണു. അതേസമയം, കൊല്ലം കൊട്ടാരക്കര ഇഞ്ചക്കാട് ശക്തമായ കാറ്റില്‍ റബ്ബര്‍ മരം വീണാണ് വൃദ്ധ മരിച്ചത്. ഇഞ്ചക്കാട് സ്വദേശി ലളിതകുമാരി (62) ആണ് മരിച്ചത്. കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ വാഹനങ്ങളില്‍ മുകളിലേയ്ക്കും മരം വീണു. കൊട്ടാരക്കകര പ്രസ് സെന്‍ററിന്‍റെയും പൊലിക്കോട് പെട്രോള്‍ പമ്ബിന്‍റെയും മേല്‍കൂര തകര്‍ന്നു.

അതിനിടെ, ആയൂര്‍ കോട്ടയ്ക്കാവിളയില്‍ സ്വകാര്യ കശുവണ്ടി ഫാക്ടറിയുടെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ പറന്നു പോയി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ വടക്കന്‍ കേരളത്തിലും മഴ കിട്ടിയേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. പക്ഷേ, ഒരു ജില്ലയിലും പ്രത്യേക അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.

Related News