എലത്തൂർ ട്രെയിൻ തീവയ്പ്: വിമാന യാത്രികരെ കേന്ദ്രീകരിച്ച് അന്വേഷണം, കേരളത്തിലേക്ക് യാത്ര ചെയ്തവരുടെ വിവരങ്ങൾ തേടി ഡൽഹി-യുപി പൊലീസ്

  • 04/04/2023

എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ വിമാന യാത്രികരെ കേന്ദ്രീകരിച്ച് അന്വേഷണം. ഡൽഹി-യുപി പൊലീസാണ് വിമാന യാത്രികരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. കേരളത്തിലേക്ക് യാത്ര ചെയ്തവരുടെ വിവരങ്ങൾ അന്വേഷണ സംഘം തേടി. ഗുജറാത്ത് പൊലീസ് പ്രതികൾക്കായി അന്വേഷണം നടത്തും. ഗുജറാത്തിലേക്ക് പ്രതികൾ എത്തിയിട്ടുണ്ടോയെന്ന് ഉൾപ്പെടെ അന്വേഷിക്കും. കേരള പൊലീസിൽ നിന്ന് സമാഹരിച്ച വിവരങ്ങളെ തുടർന്നാണ് പരിശോധന. എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നിർണ്ണായക നീക്കങ്ങൾ നടത്തി. അന്വേഷണ പുരോഗതി ദേശിയ സുരക്ഷാ ഉപദേഷ്ടാവ് വിലയിരുത്തി. കേന്ദ്ര ഇന്റലിജൻസ് എൻ.ഐ.എ , ആർ.പി.എഫ് ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥർ ദേശിയ സുരക്ഷാ ഉപദേഷ്ടാവിനെ കണ്ടു

അതേസമയം കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുത്തേക്കും. ആക്രമണത്തിൽ എൻഐഎ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു. കേസ് എൻഐഎ അഡിഷണൽ എസ് പി സുഭാഷിൻറെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. എൻഐഎ ഡൽഹി ആസ്ഥാനത് നിന്നും വിദഗ്ദർ എത്തി കോഴിക്കോടും കണ്ണൂരും പരിശോധന ആരംഭിച്ചു. സ്‌ഫോടന വസ്തു വിദഗ്ധൻ ഡോ. വി എസ് വസ്വാണിയുടെ നേതൃത്വത്തിലാണ് പരിശോധന. എലത്തൂർ ട്രെയിൻ തീവയ്പ്, 2017-ലെ കാൺപൂർ സ്‌ഫോടനത്തിന് സമാനമെന്നാണ് എൻഐഎ നിഗമനം. കൂടാതെ ട്രെയിനിൽ തീയിട്ട അക്രമി കേരളം വിടാനുള്ള സാധ്യതയില്ലെന്നാണ് എൻഐഎയുടെ നിഗമനം.

ഇതിനിടെ എലത്തൂർ ട്രെയിൻ അക്രമത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് റെയിൽവേ പാസ്സഞ്ചേഴ്സ് അമിനിറ്റി ചെയർമാൻ പികെ കൃഷ്ണദാസ് പറഞ്ഞു. കൂടുതൽ ആർപിഎഫ് ജീവനക്കാരെ സുരക്ഷയ്ക്കായി നിയോഗിക്കും. ജനറൽ കമ്പർട്ട്‌മെന്റിൽ നിന്നും റിസർവേഷൻ കമ്പർട്ട്‌മെന്റിൽ പ്രവേശിക്കാനുള്ള പഴുതുകൾ അടയ്ക്കും. റെയിൽവേ പാസ്സഞ്ചേഴ്സ് അമിനിറ്റി ഈ മാസം 18 ന് യോഗം ചേർന്ന് കൂടുതൽ ശുപാർശകൾ സമർപ്പിക്കും. എലത്തൂർ സംഭവം അട്ടിമറിയാണെന്നാണെന്ന് സംശയിക്കുന്നു. കൃത്യമായ ചിത്രം രണ്ടു മൂന്ന് ദിവസത്തിനകം പുറത്തു വരും. നേരത്തെയും വടക്കൻ മലബാറിൽ അട്ടിമറി ശ്രമങ്ങൾ നടന്നു എന്ന സംശയം ഉണ്ടെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

Related News