മധു കൊലക്കേസ്: 13 പ്രതികൾക്കും ഏഴ് വർഷം കഠിന തടവ്

  • 05/04/2023

പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 16 പ്രതികളില്‍ പതിമൂന്ന് പ്രതികള്‍ക്കും ഏഴ് വര്‍ഷം കഠിന തടവ് വിധിച്ച്‌ മണ്ണാര്‍ക്കാട് എസ് സി / എസ് ടി കോടതി. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച്‌ പതിമൂന്ന് പേര്‍ക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഹുസൈന്‍ 1,05,000 രൂപയും മറ്റു പ്രതികള്‍ 1,18, 000 രൂപയും പിഴ അടയ്ക്കണം.


പിഴത്തുക പകുതി മധുവിന്റെ അമ്മയ്ക്ക് നല്‍കണമെന്നും കോടതി. പ്രതികളെ തവനൂര്‍ ജയിലിലേക്ക് മാറ്റും. 16ാം പ്രതി മുനീറിന് മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്കെതിരെ ബലപ്രയോഗം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മറ്റ് പ്രതികളുടേതിന് സമാനമായി നരഹത്യ കുറ്റം ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നില്ല. ഇത്രയും നാള്‍ കേസില്‍ മുനീര്‍ ജയിലില്‍ ആയിരുന്നു. അതിനാല്‍ അഞ്ഞൂറ് രൂപ പിഴ അടച്ച്‌ ഇയാള്‍ക്ക് പോകാം.

അതേസമയം കൂറ് മാറിയ സാക്ഷികള്‍ക്ക് എതിരെ നടപടിക്ക് കോടതി നിര്‍ദേശം നല്‍കി. 24 സാക്ഷികളാണ് കൂറുമാറിയത്. ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍, അനില്‍കുമാര്‍, ആനന്ദന്, മെഹറുന്നീസ, മയ്യന്‍, മുരുകന്‍, മരുതന്‍, സൈതലവി, സുനില്‍കുമാര്‍, മനാഫ്, രഞ്ജിത്, മണികണ്ഠന്‍, അനൂപ്‌, അബ്ദുല്‍ ലത്തീഫ് തുടങ്ങിയവരാണ് കൂറുമാറിയ സാക്ഷികള്‍. കൂറുമാറിയ സാക്ഷികളില്‍ ആറ് പേര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അതില്‍ തീര്‍പ്പ് വരുന്ന മുറയ്ക്ക് കൂറ് മാറ്റത്തിനു നടപടി തുടങ്ങണം എന്നും കോടതി ഉത്തരവിട്ടു.

മരാകായുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമിക്കല്‍, തട്ടി കൊണ്ട് പോകല്‍, പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമത്തിലെ 31 ഡി വകുപ്പുകളിലുമാണി ശിക്ഷ വിധിച്ചത്. കേരളത്തിലാദ്യമായി രണ്ട് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടുകള്‍ തെളിവായി പരിഗണിച്ച കേസായും മധു കേസ് മാറി. ഡിജിറ്റല്‍ തെളിവുകളും നിര്‍ണ്ണായകമായി. മധുവിന്റേത് കസ്റ്റഡി മരണം എന്ന് സ്ഥാപിക്കാന്‍ തക്ക തെളിവില്ലെന്നും ജഡ്ജി കെ എം രതീഷ് കുമാര്‍ ഉത്തരവില്‍ വ്യക്തമാക്കി. കേവലമൊരു അസ്വാഭാവിക മരണമായി മാറാമായിരുന്ന കേസിലുള്ള മാധ്യമ ഇടപെടലിനെയും കോടതി പ്രശംസിച്ചു.

Related News