നജുമുന്നീസ കൊലപാതകം: തെളിവെടുപ്പിനെത്തിച്ച മുഹിയുദ്ദീന്റെ അടുത്തേക്ക് പാഞ്ഞടുത്ത് സഹോദരി

  • 05/04/2023

മലപ്പുറം: വാഴക്കാട് നജുമുന്നീസ കൊലപാതകക്കേസില്‍ പ്രതിയായ ഭര്‍ത്താവ് മുഹിയുദ്ദീനെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോള്‍ നാടകീയ സംഭവങ്ങള്‍. എന്തിന് കൊന്നെന്ന് ചോദിച്ച്‌ കൊണ്ട് നജ്മുന്നീസയുടെ സഹോദരി മുഹിയുദ്ദീന്റെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു.


കേസില്‍ മുഹിയുദ്ദീന്‍ മാത്രമല്ല പ്രതി, കൂട്ടുപ്രതികളുണ്ട്. അവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സഹോദരി ആവശ്യപ്പെട്ടു. തെളിവെടുപ്പിന് ശേഷം തിരിച്ചുപോകാനായി പൊലീസ് ജീപ്പില്‍ കയറ്റുമ്ബോള്‍ താന്‍ നജ്മുന്നീസയെ കൊന്നിട്ടില്ലെന്ന് മുഹിയുദ്ദീന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് വാഴക്കാട് പൊലീസ് സംഘം തെളിവെടുപ്പിനായി മുഹിയുദ്ദീനെ നെരൊത്ത് വീട്ടിലെത്തിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് നജുമുന്നീസയെ വീടിന്റെ ടെറസിന്റെ മുകളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണ വിവരം മുഹിയുദ്ദീനാണ് നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ചു നജുമുന്നീസയുടെ വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ മുഹിയുദ്ദീനെയും രണ്ടുസുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

വിശദമായ ചോദ്യംചെയ്യലിനൊടുവിലാണ് മുഹിയുദ്ദീന്‍ കുറ്റം സമ്മതിച്ചത്. വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കത്തിനിടയില്‍ മുഹിയുദ്ദീന്‍ നജുമുന്നീസയെ ശ്വാസംമുട്ടിച്ച്‌ കൊല്ലുകയായിരുന്നു. വിശദമായ വിവരങ്ങള്‍ അറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്നും അന്വേഷണസംഘം പറഞ്ഞു.

നജുമുന്നീസയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തി. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വാഴക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

Related News