അനിൽ ആന്റണി ബിജെപിയുടെ കെണിയിൽ വീണെന്ന് വി.ഡി സതീശൻ; രാഷ്ട്രീയ ആത്മഹത്യയെന്ന് എം.എം ഹസ്സൻ

  • 06/04/2023

അനിൽ ആന്റണി ബിജെപിയിൽ ചേർന്നത് കൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അനിൽ ആന്റണി ബിജെപിയുടെ കെണിയിൽ വീഴുകയായിരുന്നു. ഈ തീരുമാനത്തിൽ അനിൽ ആന്റണിക്ക് ദുഃഖിക്കേണ്ടി വരുമെന്നും അപകടം പിന്നാലെ ബോധ്യപ്പെടുമെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

കോൺഗ്രസിനോ പോക്ഷക സംഘടനകൾക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങൾ അനിൽ ആന്റണി ചെയ്തിട്ടില്ല. ഏൽപ്പിച്ച ചുമതല പോലും അനിൽ കൃത്യമായി നിർവഹിച്ചിരുന്നില്ല എന്നും വി ഡി സതീശൻ വിമർശിച്ചു. അനിൽ ആന്റണി ബി.ജെ.പിയുടെ കെണിയിൽ വീഴുകയായിരുന്നു. ബി.ജെ.പി ബാന്ധവത്തിന് കാരണമായി തീർത്തും വിചിത്രമായ കാര്യങ്ങളാണ് അനിൽ ആന്റണി പറയുന്നത്. അതിന്റെ അപകടം പിന്നാലെ ബോധ്യപ്പെടും. തീർത്തും അപക്വമായ ഈ തീരുമാനത്തിൽ അനിൽ ആന്റണിക്ക് പിന്നീട് ദുഃഖിക്കേണ്ടി വരും.

എ.കെ.ആന്റണി എന്ന പിതാവിനോട് മകനെന്ന നിലയിൽ അനിൽ ആന്റണി കാണിച്ച നിന്ദയാണിതെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. മരണം വരെ കോൺഗ്രസുകാരനും സംഘപരിവാർ വിരുദ്ധമായിരിക്കുമെന്ന് എ.കെ ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. മകൻ ബി.ജെ.പിയിൽ ചേർന്നു എന്നതുകൊണ്ട് എ.കെ ആന്റണിയുടെ രാഷ്ട്രീയ സംശുദ്ധിക്കോ ആദർശ ധീരതയ്ക്കോ ഒരു കോട്ടവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനിൽ ആന്റണി ബിജെപിയിൽ ചേർന്നത് രാഷ്ട്രീയ ആത്മഹത്യയായിപ്പോയെന്ന് കാലം തെളിയിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പ്രതികരിച്ചു. അനിൽ കോൺഗ്രസ്സ് വിട്ടുപോയത് കേരളത്തിൽ ഒരു ചലനവും സൃഷ്ടിക്കില്ല. ഒരു പുരുഷായുസ്സ് മുഴുവൻ സ്വന്തം ജീവിതം കോൺഗ്രസ്സിനു സമർപ്പിച്ച, അടിയുറച്ച മതേതരവാദിയായ എ.കെ.ആന്റണിയുടെ യശസ്സിനെയും, പാരമ്പര്യത്തെയും അനിലിന്റെ ഈ തീരുമാനം അൽപം പോലും ബാധിക്കില്ലെന്നും എംഎം ഹസ്സൻ പ്രതികരിച്ചു.

Related News