അനിൽ ആന്റണിയുടെ ബിജെപി പ്രവേശം കേരളത്തിൽ ഒരു ചലനവും ഉണ്ടാക്കില്ല; രമേശ് ചെന്നിത്തല

  • 06/04/2023

അനിൽ ആന്റണിയുടെ ബിജെപി പ്രവേശം കേരളത്തിൽ ഒരു ചലനവും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ ബിജെപിക്ക് വേരോട്ടം ഉണ്ടാക്കാൻ കഴിയുമെന്നുള്ള തെറ്റായ ധാരണ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാണുള്ളത്. ത്രിപുര കഴിഞ്ഞാൽ ഇനി കേരളമാണെന്ന് പറയുന്ന അദ്ദേഹം ഏത് ലോകത്താണെന്ന് അറിയില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.കേരളത്തെ പറ്റിയോ കേരളത്തിലെ ജനങ്ങളെ പറ്റിയോ അറിയാത്തതുകൊണ്ടാണ് പ്രധാനമന്ത്രി, കേരളത്തിൽബിജെപി അക്കൗണ്ട് തുറക്കുമെന്നൊക്കെ പറയുന്നത്. കേരളത്തിൽ ബിജെപിക്ക് വേരോട്ടം ഉണ്ടാകില്ല. കേരളത്തിലെ ജനങ്ങൾ മതേതര, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരാണ്. അനിൽ ആന്റണി എടുത്ത തീരുമാനം തെറ്റാണെന്നും അബദ്ധമാണെന്നും കാലം തെളിയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

'അനിൽ പോയെന്നൊന്നും കരുതി കേരളത്തിലെ കോൺഗ്രസിനെ ദുർബലപ്പെടുത്താമെന്ന് ബിജെപി കരുതണ്ട. കോൺഗ്രസ് പ്രവർത്തകന്മാർ ഒരു മനസ്സോടുകൂടി മുന്നോട്ടു പോകും. ബിജെപിക്കും ആർഎസ്എസിനും എതിരായ പോരാട്ടം കോൺഗ്രസ് ശക്തിപ്പെടുത്തും. ഈ പോരാട്ടങ്ങൾക്കെല്ലാം നേതൃത്വം നൽകുന്ന വ്യക്തിയാണ് രാഹുൽ ഗാന്ധി. ആ രാഹുലിനെ ദുർബലപ്പെടുത്താനുള്ള കെണിയിലാണ് അനിൽ വീണിരിക്കുന്നത്.ഇന്നല്ലെങ്കിൽ നാളെ അദ്ദേഹത്തിന് അത് മനസിലാകും.

അനിൽ ആന്റണിയുടെ ബിജെപി പ്രവേശം എ.കെ ആന്റണിയെ ഒരുതരത്തിലും ബാധിക്കില്ല. ഇന്ത്യയിലെയും കേരളത്തിലെയും ജനങ്ങൾക്ക് പതിറ്റാണ്ടുകളായി അദ്ദേഹത്തെ അറിയാം. വ്യക്തിപരമായി ഓരോരുത്തർക്കും ഓരോ തീരുമാനമെടുക്കാനുള്ള സാഹചര്യമുണ്ട്. 38വയസ്സുള്ള മകനൊരു തീരുമാനമെടുക്കുന്നതിന് എ കെ ആന്റണിയെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും. കേരളത്തിലെ ജനങ്ങൾക്ക് എന്നും അഭിമാനിക്കാൻ കഴിയുന്ന നേതാവാണ് ആന്റണിയെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് ഒരു മങ്ങലും ഏൽക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related News