ചില തിരുമേനിമാരുടെ ബിജെപി പ്രേമം കോണ്‍ഗ്രസിന്റെ ആപ്പീസ് പൂട്ടിക്കും: കെ ടി ജലീൽ

  • 09/04/2023

തിരുവനന്തപുരം : ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന ശ്രമങ്ങളെയും ചില ക്രൈസ്തവ പുരോഹിതന്മാരുടെ ബിജെപി അനുകൂല നിലപാടുകളെയും തള്ളി കെ ടി ജലീല്‍ എം എല്‍ എ. ചില തിരുമേനിമാരുടെ ബിജെപി പ്രേമം കോണ്‍ഗ്രസിന്റെ ആപ്പീസ് പൂട്ടിക്കുമെന്നും പുരോഹിതന്‍മാരുടെ ബിജെപി പ്രേമത്തെ തള്ളിപ്പറയാന്‍ യുഡിഎഫ് രാഷ്ട്രീയ നേതൃത്വം വൈകരുതെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.


തങ്ങള്‍ അകപ്പെട്ട കേസു കൂട്ടങ്ങളില്‍ നിന്ന് തടിയൂരാനാണ് ചില പുരോഹിതരുടെ പുതിയ മോദി സ്തുതി. ഇത് തിരിച്ചറിയാന്‍ അഭിമാന ബോധമുള്ള ക്രൈസ്തവര്‍ക്കാകും. മുസ്ലിം-ക്രൈസ്തവ അകല്‍ച്ച മുതലെടുത്ത് നേട്ടം കൊയ്യാനുള്ള ബിജെപി നീക്കത്തിന് തടയിടാന്‍ ഇരു സമുദായങ്ങളിലെയും വിവേകികളായ രാഷ്ട്രീയ നേതാക്കന്‍മാര്‍ രംഗത്തുവരണം. എത്ര തലകുത്തി മറിഞ്ഞാലും ആരെ വിലക്കെടുത്താലും ബി.ജെ.പി കേരളത്തില്‍ രക്ഷപ്പെടില്ല.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ പോലെ മുസ്ലിംലീഗും ഇടതുമുന്നണിയുടെ ഭാഗമാകണം. അസ്ഥിപഞ്ജരമായ കേരളത്തിലെ കോണ്‍ഗ്രസ്സിനെ ആരോഗ്യവതിയാക്കാന്‍ ലീഗല്ല ആര് വിചാരിച്ചാലും കഴിയില്ലെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Related News