നാളെ പാർട്ടി പരിപാടിയിൽ പങ്കെടുക്കില്ല; ഹെലിപാഡിൽ രാഹുൽ ഗാന്ധിയെ സ്വീകരിക്കും; കെ മുരളീധരൻ

  • 10/04/2023

കെപിസിസി നേതൃത്വത്തോട് ഇടഞ്ഞ് കെ മുരളീധരൻ എം പി.നാളത്തെ രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കെ മുരളീധരൻ എം പി ട്വന്റിഫോറിനോട് പറഞ്ഞു. ഹെലിപ്പാഡിൽ എത്തി രാഹുലിനെ സ്വീകരിക്കും. അത് ചെയ്യുന്നത് രാഹുലിനോടുള്ള ബഹുമാനം ഉള്ളത്‌കൊണ്ട് മാത്രം. പൊതുസമ്മേളനത്തിൽ പങ്കെടുക്കില്ല. പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങൾ പലതും പത്രം വായിച്ചാണ് താൻ അറിയുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.

പുനസംഘടന ചർച്ചയെക്കുറിച്ച് ഒന്നും അന്വേഷിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കെ മുരളീധരൻ എന്തെങ്കിലും പറഞ്ഞാൽ മാത്രമേ പ്രശ്‌നങ്ങളുള്ളൂ. മറ്റുള്ളവർക്ക് എന്തും പറയാം എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായുള്ള വയനാട് സന്ദർശത്തിനായി രാഹുൽഗാന്ധി നാളെ എത്തും. രാഹുൽഗാന്ധിക്ക് ഗംഭീര സ്വീകരണം ഒരുക്കാനാണ് കെപിസിസി തീരുമാനം. വയനാട്, കോഴിക്കോട് മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ അണിനിരത്തി വന്റാലിയാണ് സംഘടിപ്പിക്കാനൊരുങ്ങുന്നത്. പ്രിയങ്കാ ഗാന്ധിയും രാഹുൽഗാന്ധിക്കൊപ്പം നാളെ വയനാട് എത്തുന്നുണ്ട്.

നാളെ ഉച്ചക്ക് രണ്ട് മണിയോടെ ഡൽഹിയിൽ നിന്നും വിമാനത്തിൽ കണ്ണൂരിലെത്തുന്ന രാഹുൽ ഗാന്ധി തുടർന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലേക്ക് തിരിക്കും. 3 മണിയോടെ കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂളിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന രാഹുൽഗാന്ധി തുടർന്ന് റാലിയിൽ പങ്കെടുക്കും. 3.30നാണ് കൽപ്പറ്റ കൈനാട്ടിയിൽ പൊതുസമ്മേളനം ആരംഭിക്കുക. പൊതുസമ്മേളനം രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും.

Related News