അരിക്കൊമ്പൻ പുനരധിവാസം; പുന:പരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

  • 11/04/2023

അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റുന്നതിനെതിരെ നൽകിയ പുന:പരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെന്മാറ എം.എൽ എ കെ. ബാബു നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. പറമ്പിക്കുളത്തേക്ക് മാറ്റുവാനുള്ള ഉത്തരവ് പുന:പരിശോധിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ദ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഉത്തരവ്. തീരുമാനം വന്നത് മുതൽ പറമ്പിക്കുളം അതിരപ്പിള്ളി മേഖലകളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് ഹൈക്കോടതി ഹർജി പരിഗണിക്കുന്നത്. 

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതിൽ പ്രതിഷേധിച്ച് ഏപ്രിൽ 17ന് നെല്ലിയാമ്പതിയിൽ ഹർത്താൽ പ്രഖ്യാപിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ഹൈക്കോടതിയെ സമീപിക്കുന്നതിന്റെ സാധ്യതയും ആരായുന്നുണ്ട്.

അതിനിടെ അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റുന്നതിനുള്ള കോടതി തീരുമാനത്തിൽ പ്രതികരണവുമായി വനം മന്ത്രി എ. കെ ശശീന്ദ്രൻ രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് തേക്കടി ഒഴിവാക്കി പറമ്പിക്കുളം തിരഞ്ഞെടുത്തതെന്ന് അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിദഗ്ധ സമിതി ആണ് പറമ്പിക്കുളം നിർദേശിച്ചത്. എന്നാൽ, യുക്തിരഹിതമായ തീരുമാനം കോടതി എടുക്കുമെന്ന് പറയാൻ കഴിയില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Related News