ഉമ്മൻചാണ്ടിയുടെ ചികിത്സാ പുരോഗതി സർക്കാർ മെഡിക്കൽ ബോർഡ് വിലയിരുത്തണം, വീണ്ടും സർക്കാരിനെ സമീപിച്ച് സഹോദരൻ

  • 13/04/2023

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വീണ്ടും സർക്കാരിനെ സമീപിച്ച് സഹോദരൻ അലക്‌സ് വി ചാണ്ടി. ഉമ്മൻചാണ്ടിയുടെ ചികിത്സാ പുരോഗതി സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡ് വിലയിരുത്തണമെന്നാണ് ആവശ്യം. അടുത്ത ബന്ധുക്കളുടെ നിലപാടുകൾ കാരണം ഉമ്മൻചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്നും ആരോഗ്യമന്ത്രിക്ക് അയച്ച പരാതിയിൽ സഹോദരൻറെ കുറ്റപ്പെടുത്തുന്നു. 

നിലവിൽ ഉമ്മൻചാണ്ടി ചികിസ്തയിലുള്ള ബാംഗ്ലൂർ എച്ച് സി ജി ആശുപത്രിയുമായി സർക്കാർ മെഡിക്കൽ ബോർഡ് ബന്ധപ്പെടണമെന്നും ഉമ്മൻചാണ്ടിയുടെ ഓരോ ദിവസത്തെയും ചികിത്സാ പുരോഗതി മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അറിയിക്കുന്ന രീതിയിലുള്ള സംവിധാനം ഉണ്ടാക്കണമെന്നും അലക്‌സ് വി ചാണ്ടി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് സഹോദരൻ അലക്‌സ് വി ചാണ്ടി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ആരോഗ്യമന്ത്രി ഇടപെടുകയും മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ ചികിത്സക്കായി ബംഗ്ലൂരുവിലേക്ക് മാറ്റിയത്.

Related News