രണ്ടാം ഘട്ട പിരിച്ചുവിടൽ ഉണ്ടായേക്കുമെന്ന സൂചന നൽകി സുന്ദർ പിച്ചൈ

  • 13/04/2023



സാൻഫ്രാൻസിസ്കോ: രണ്ടാം ഘട്ട പിരിച്ചുവിടൽ ഉണ്ടായേക്കുമെന്ന സൂചന നൽകി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ജനുവരിയിൽ മൊത്തം തൊഴിലാളികളുടെ ആറ് ശതമാനം അല്ലെങ്കിൽ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്പനിയിൽ കൂടുതൽ പിരിച്ചുവിടലുകൾ ഉടൻ നടക്കുമെന്ന് പിച്ചൈ സൂചന നൽകിയത്. 

ജനുവരിയിൽ ഗൂഗിൾ 12,000 ജോലികൾ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. പിരിച്ചുവിടലുകളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ മാസങ്ങളായി പരന്നിരുന്നുവെങ്കിലും, പിരിച്ചുവിടലുകൾ ചില ജീവനക്കാരെ ഞെട്ടിച്ചിരുന്നു.

പിരിച്ചുവിടാൻ തീരുമാനിച്ചതിന് ശേഷം കൂടുതൽ ചെലവ് ചുരുക്കൽ നടപടികളിലേക്ക് കടന്നിട്ടുണ്ട് ഗൂഗിൾ. ഇതിലൊന്നാണ് ജീവനക്കാർക്ക് നൽകുന്ന ആപ്പിൾ മാക്ബുക്ക് ലാപ്ടോപ്പ് ഇനി എഞ്ചിനീയറിംഗ് ടീമിന് മാത്രം നൽകുക എന്ന തീരുമാനം. എഞ്ചിനീയറിംഗ് ഇതര വിഭാഗത്തിലെ ജീവനക്കാർക്ക് ക്രോംബുക്ക് ലാപ്ടോപ്പുകൾ നൽകും. 

ഇത് കൂടാതെ ഫുഡ് അലവൻസുകളും അലക്കൽ സേവനങ്ങൾ പോലുള്ള ആനുകൂല്യങ്ങളും ഗൂഗിൾ വെട്ടികുറച്ചിട്ടുണ്ട്. ഹൈബ്രിഡ് വർക്ക് മോഡലിന് അനുയോജ്യമായ രീതിയിൽ ബിസിനസ്സ് ഓഫീസ് സേവനങ്ങൾ പുനഃക്രമീകരിക്കുകയാണെന്ന് ഗൂഗിളിന്റെ ഫിനാൻസ് മേധാവി റൂത്ത് പോരാറ്റ് അറിയിച്ചു.

Related News