സംസ്ഥാനത്ത് ഉയർന്ന താപനില തുടരും; ആശ്വാസമാകാൻ വേനൽ മഴയ്ക്ക് സാധ്യത

  • 14/04/2023

സംസ്ഥാനത്ത് ഉയർന്ന താപനില തുടരാൻ സാധ്യത. പാലക്കാട് ഉൾപ്പടെ വടക്കൻ കേരളം ഇന്നും ചുട്ടുപൊള്ളിയേക്കും. പാലക്കാട് ഇന്നലെയും റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. മലമ്പുഴ,മംഗലം ഡാം , പോത്തുണ്ടി ഡാം, കൊല്ലങ്കോട്,ഒറ്റപ്പാലം, വെള്ളാനിക്കര, പീച്ചി, മുണ്ടേരി തുടങ്ങി സംസ്ഥാനത്തെ പത്ത് ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ താപനില 40 ഉം 42ളം ഡിഗ്രി സെൽഷ്യസിന് മുകളിലാണ് രേഖപ്പെടുത്തിയത്. സൂര്യാഘാത, സൂര്യതപ സാധ്യത നിലനിൽക്കുന്നതായും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നുംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

പൊള്ളുന്ന ചൂടിന് ആശ്വാസമായി തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് വേനൽ മഴയ്ക്കും സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലാണ് വേനൽ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത എന്നതിനാൽ പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുകളും പാലിക്കണം. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Related News