300 പേരുള്ള വിമാനം 35,000 അടി ഉയരത്തില്‍ നിന്ന് തിരിച്ചിറക്കി

  • 19/04/2023




വിമാനം പുറപ്പെടും മുമ്പ് വിമാനത്തിലെ സര്‍വ്വീസുകള്‍ കൃത്യമാണോയെന്ന് ക്യാബിന്‍ ക്രൂ ടീം പരിശോധിക്കുന്നത് സാധാരണമാണ്. ഇത്തരത്തില്‍‌ പരിശോധന കഴിഞ്ഞാണ് സാധാരണ വിമാനങ്ങള്‍ ടേക്ക് ഓഫിന് തയ്യാറാകുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പരിശോധന കഴിഞ്ഞ് പറന്നുയര്‍ന്ന വിമാനം ഒടുവില്‍ 35,000 അടി ഉയരത്തില്‍ നിന്ന് തിരിച്ചിറക്കി. ഇത്രയും ഉയരത്തിലെത്തിയ ശേഷം വിമാനം തിരിച്ചിറക്കാനുണ്ടായ കാരണമാണ് രസകരം. വിമാനത്തിലെ എട്ട് ടോയ്‍ലറ്റുകളില്‍ അഞ്ച് എണ്ണം പ്രവര്‍ത്ത രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാനം തിരിച്ചിറക്കിയത്. 

ഈ സമയം വിമാനത്തില്‍ 300 ഓളം യാത്രക്കാരുണ്ടായിരുന്നു. നീണ്ട എട്ട് മണിക്കൂര്‍ യാത്രയ്ക്കായി തയ്യാറെടുത്താണ് ഓസ്ട്രിയൻ എയർലൈൻസിന്‍റെ  ബോയിംഗ് 777  വിമാനം വിയന്നയിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്നുയര്‍ന്നത്. എന്നാല്‍, 35,000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിലെ എട്ടില്‍ അഞ്ച് ടോയ്‍ലറ്റുകളുടെ ഫ്ലഷ് കൃത്യമായി വര്‍ക്ക് ചെയ്യുന്നില്ലെന്ന് കണ്ടെത്തിയത്. വെറും മൂന്ന് ടോയ്‍ലറ്റുകളും 300 ഓളം യാത്രക്കാരുമായി നീണ്ട എട്ട് മണിക്കൂര്‍ യാത്ര ചെയ്യുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജോലിക്കാർ വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് എയർലൈനിന്‍റെ വക്താവ് ഏജൻസി ഫ്രാൻസ് പ്രസ്സിനോട് പറഞ്ഞെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഓസ്ട്രിയൻ എയർലൈൻസ് വിമാനങ്ങളിൽ മുമ്പ് ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാണിച്ചു. പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കുകയും ടോയ്‍ലറ്റ് ഫ്ലഷുകളുടെ തകരാര്‍ ശരിയാക്കുകയും ചെയ്ത ശേഷമാണ് സർവീസ് വീണ്ടും ആരംഭിച്ചതെന്നും കമ്പനി വക്താവ് അറിയിച്ചു. വിമാനം തിരിച്ചറിക്കിയതിന് പിന്നാലെ യാത്രക്കാരെ മറ്റ് വിമാനങ്ങളില്‍ തിരിച്ച് വിട്ടെന്നും അറിയിപ്പില്‍ പറയുന്നു.  

Related News