സുഡാനിലെ രക്ഷാദൗത്യത്തിന് വ്യോമസേനയും നാവികസേനയും സജ്ജമെന്ന് വിദേശകാര്യ മന്ത്രാലയം

  • 23/04/2023



ദില്ലി: സൈനിക വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം തുടരുന്ന സുഡാനിലെ രക്ഷാദൗത്യത്തിന് വ്യോമസേനയും നാവികസേനയും സജ്ജമെന്ന് വിദേശകാര്യ മന്ത്രാലയം. നാവികസേനയുടെ യുദ്ധക്കപ്പലായ ഐ എൻ എസ് സുമേധ രക്ഷാദൗത്യത്തിനായി പോര്‍ട്ട് സുഡാനിലെത്തി. വ്യോമസേനയുടെ രണ്ട് വിമാനങ്ങളും രക്ഷാദൗത്യത്തിന് ജിദ്ദയിൽ ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

തൽക്കാലം സ്ഥിതി നിരീക്ഷിക്കുകയാണെന്നും സുഡാനിലെ സങ്കീർണമായ സാഹചര്യം മാറുന്നത് അനുസരിച്ചാകും രക്ഷൗദൗത്യം തുടങ്ങുകയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുഡാൻ അധികൃതരുമായും ഐക്യരാഷ്ട്രസഭ, സൗദി, അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായും വിദേശകാര്യ മന്ത്രാലയവും എംബസിയും ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇന്നലെ സൗദി സുഡാനില്‍ നടത്തിയ രക്ഷാദൗത്യത്തില്‍ മൂന്ന് ഇന്ത്യക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. മൂവായിരത്തോളം ഇന്ത്യക്കാർ ആഭ്യന്തരയുദ്ധം സുഡാനില്‍ ഉണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്ക്.

അതേസമയം, സുഡാണിൽ നിന്നും പൗരന്മാരെ ഒഴിപ്പിക്കുകയാണ് ലോക രാജ്യങ്ങൾ. നയതന്ത്ര ഉദ്യോഗസ്ഥരേയും കുടുംബങ്ങളേയും ഒഴിപ്പിച്ചതായി ബ്രിട്ടൺ വ്യക്തമാക്കി. അമേരിക്കയും അവരുടെ പൗരന്മാരെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും രക്ഷാ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. സുഡാനുമായുള്ള നയതന്ത്ര ബന്ധവും സുഡാണിവെ പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിയതായി കാനഡ വ്യക്തമാക്കി.

Related News