വിമാനച്ചിറകില്‍ തേനീച്ച കൂട്ടം; നാല് മണിക്കൂര്‍ വൈകി ഡെല്‍റ്റയുടെ വിമാനം

  • 07/05/2023



ഹൂസ്റ്റണിൽ നിന്ന് അറ്റ്ലാന്‍റയിലേക്കുള്ള ഒരു ആഭ്യന്തര ഡെൽറ്റ എയർ ലൈൻസ് വിമാനത്തിന്‍റെ ചിറകിന്‍റെ അറ്റത്ത് ആയിരക്കണക്കിന് തേനീച്ചകൾ ഒത്തുകൂടി. ഇതിന് പിന്നാലെ വിമാനം വൈകിയത് നാല് മണിക്കൂറിലധികം. ഡെൽറ്റ വിമാനം ബുധനാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12:25 ന് ടെക്സാസ് തലസ്ഥാനത്ത് നിന്ന് പുറപ്പെടാൻ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വൈകുന്നേരം 4:30 വരെ പുറപ്പെട്ടില്ല. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് വിമാനത്തിന്‍റെ ചിറകില്‍ തേനീച്ചകള്‍ കൂട്ടം കൂടിയിട്ടുണ്ടെന്ന് അറിഞ്ഞത്. 

യാത്ര ചെയ്യാനായി ജോർജ്ജ് ബുഷ് ഇന്‍റർകോണ്ടിനെന്‍റൽ എയർപോർട്ടിൽ എത്തിയ മാധ്യമ പ്രവര്‍ത്തക അഞ്ജലി എൻജെറ്റി ഇത് സംബന്ധിച്ച വീഡിയോ തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്ത് വിട്ടു. "തേനീച്ചകൾ ഒരു ചിറകിന്‍റെ അറ്റത്ത് കൂടിയതിനാല്‍ ഹൂസ്റ്റണിൽ നിന്ന് പുറപ്പെടുന്ന എന്‍റെ വിമാനം വൈകുന്നു, തേനീച്ചകളെ നീക്കം ചെയ്യുന്നതുവരെ അവർ ഞങ്ങളെ വിമാനത്തില്‍ കയറാൻ അനുവദിക്കില്ല. എന്നാൽ ഭൂമിയിൽ ഇത് എങ്ങനെ സംഭവിക്കും? നമ്മൾ പറന്നുയരുമ്പോൾ അവർ ചിറക് വിടില്ലേ?' അവര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ഇത് സംബന്ധിച്ച് അവര്‍ ട്വിറ്ററില്‍ നിരവധി ട്വിറ്റുകള്‍ ചെയ്തു. 

ഒടുവില്‍ യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം അനുവദിക്കാന്‍ ഡെല്‍റ്റ എയര്‍വേയ്സ് തീരുമാനിച്ചു. അതിനിടെ മറ്റൊരു യാത്രക്കാര്‍ ട്വിറ്റ് ചെയ്തത് ഇങ്ങനെ,' വിമാന ജീവനക്കാരെ മുഴുവൻ ഇറക്കിവിട്ടു. ഞങ്ങള്‍ക്ക് മറ്റൊരു വിമാനം യാത്രയ്ക്കായി നൽകാൻ ഡെൽറ്റ തീരുമാനിച്ചു. തുടര്‍ന്ന് ഞങ്ങളുടെ വിമാനത്തിന്‍റെ എഞ്ചിൻ ഓണാക്കിയ ഉടൻ, തേനീച്ചകൾ പോയി!!! ഡെൽറ്റ ചെയ്യേണ്ടത് വിമാനം ഓൺ ചെയ്യുക മാത്രമാണ്," അദ്ദേഹം കുറിച്ചു. പക്ഷേ അപ്പോഴേക്കും യാത്രക്കാരുടെ നാല് മണിക്കൂറിലധികം സമയം വെറുതെ പാഴായിപ്പോയതായി ചിലര്‍ അഭിപ്രായപ്പെട്ടു. 

Related News