പെറുവിലെ സ്വര്‍ണ്ണ ഖനിയില്‍ തീ പിടിത്തം; 27 മരണം

  • 09/05/2023



ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉല്‍പാദക രാജ്യമായ പെറുവിലെ ഒരു സ്വര്‍ണ്ണ ഖനിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ മരിച്ചു. രാജ്യത്ത് സമീപകാലത്ത് ഉണ്ടായ ഏറ്റവും മോശം ഖനി അപകടങ്ങളിലൊന്നാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

പെറുവിലെ അരെക്വിപ മേഖലയിലെ ലാ എസ്പറൻസ 1 ഖനിക്കുള്ളിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടത്തെ തുടര്‍ന്ന് 175 തൊഴിലാളികളെ ഒഴിപ്പിച്ചതായി യാനാക്വിഹുവ മൈനിംഗ് കമ്പനി അറിയിച്ചു. മരിച്ച 27 പേരും ഖനനത്തിൽ വിദഗ്ധനായ ഒരു കരാറുകാരന്‍റെ ജോലിക്കാരായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അപകടത്തെ തുടര്‍ന്ന് ഖനിക്കുള്ളില്‍ 27 പേര്‍ മരിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ ജിയോവാനി മാറ്റോസ് മാധ്യമങ്ങളെ അറിയിച്ചു. ഖനിയില്‍ സ്ഫോടനമുണ്ടായതിന് പിന്നാലെ തീ പടരുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഷോര്‍ട്ട് സര്‍ക്കീട്ടാണ് സ്ഫോടനത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് ഖനിയിലെ തടിതാങ്ങുകള്‍ക്ക് തീ പിടിച്ചു. സ്ഫോടനം നടക്കുമ്പോള്‍ തൊഴിലാളികള്‍ ഏതാണ്ട് 100 മീറ്റര്‍ താഴ്ചയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Related News