മഴക്കാലമെത്തിയതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു; 68 മരണം

  • 05/06/2023

ആലപ്പുഴ: മഴക്കാലമെത്തിയതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു. എറണാകുളം, കൊല്ലം ജില്ലകളിലാണു ഡെങ്കിപ്പനി വ്യാപനമേറെ. ഈവര്‍ഷം ഇതുവരെ എലിപ്പനിയും ഡെങ്കിപ്പനിയും പിടിപെട്ട് 68 പേര്‍ മരിച്ചു. എലിപ്പനി ബാധിച്ചു മരിച്ചവരാണേറെയും- 57 പേര്‍. 11 പേരാണു ഡെങ്കിപ്പനിയെത്തുടര്‍ന്നു മരിച്ചത്.


മഴ ശക്തമാകുന്നതോടെ രണ്ടുരോഗങ്ങളും ഇനിയും വ്യാപിക്കാനാണു സാധ്യത. കൊല്ലം, എറണാകുളം ജില്ലകളിലാണു ഡെങ്കിപ്പനി വ്യാപനമേറുന്നത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും രോഗികളുടെ എണ്ണമുയരുന്നുണ്ട്. കൊല്ലം ജില്ലയില്‍ കഴിഞ്ഞദിവസം 40 പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ 30 പേര്‍ക്ക് ഒറ്റദിവസം രോഗം പിടിപെട്ടു. ഇവിടെ അൻപതോളം പേരാണു ഡെങ്കിപ്പനി സംശയത്തോടെ ദിവസവും ചികിത്സ തേടുന്നത്.

സംസ്ഥാനത്ത് ഡെങ്കിപ്പനി സംശയത്തോടെ ഇതുവരെ 4,939 പേര്‍ ചികിത്സ തേടി. ഇതില്‍ 1,805 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 11 മരണവുമുണ്ടായി. ആറുപേരുടെ മരണം ഡെങ്കിപ്പനി സംശയത്തില്‍ ചികിത്സയിലിരിക്കുമ്ബോഴായിരുന്നു. എലിപ്പനി സംശയിച്ച്‌ 715 പേര്‍ ചികിത്സ തേടിയതില്‍ 33 പേര്‍ മരിച്ചു. രോഗം സ്ഥിരീകരിച്ച 442 പേരില്‍ 24 പേരാണു മരിച്ചത്.

Related News