എഞ്ചിൻ തകരാറിനെ തുടർന്ന് എയർ ഇന്ത്യ ഡൽഹി-സാൻ ഫ്രാൻസിസ്കോ വിമാനം ഇറക്കി

  • 07/06/2023



ദില്ലി: എഞ്ചിൻ തകരാറിനെ തുടർന്ന് എയർ ഇന്ത്യ ഡൽഹി-സാൻ ഫ്രാൻസിസ്കോ വിമാനം റഷ്യയിൽ സുരക്ഷിതമായി ഇറക്കി. ബോയിംഗ് 777-ന്‍റെ എഞ്ചിനുകളിൽ ഒന്ന് തകരാറിലായതിനെ തുടർന്നാണ് എയർ ഇന്ത്യയുടെ ഡൽഹി - സാൻഫ്രാൻസിസ്കോ നോൺ-സ്റ്റോപ്പ് വിമാനം ചൊവ്വാഴ്ച റഷ്യയിലെ മഗദാനിൽ സുരക്ഷിതമായി ഇറക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 232 യാത്രക്കാരായിരുന്നു ഈ സമയം വിമാനത്തില്‍ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ 4 മണിക്ക് ഐ‌ജി‌ഐ എയർപോർട്ടിൽ നിന്നായിരുന്നു ഈ നോണ്‍ സ്റ്റോപ്പ് വിമാനം പറന്നുയര്‍ന്നത്. 

മറ്റൊരു വിമാനത്തില്‍, ഇന്ന് തന്നെ മഗദാനിൽ നിന്നും സാന്‍ഫ്രാന്‍സ്കോയിലേക്ക് മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും മാറ്റുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. നിലവില്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജോലിക്കാരെയും മഗദാനിലെ പ്രാദേശിക ഹോട്ടലുകളിൽ താമസിപ്പിച്ചിരിക്കുകയാണ്. യാത്രക്കാരെ സുരക്ഷിതമായി സാന്‍ഫ്രാന്‍സ്കോയില്‍ എത്തിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളോട് അധികാരികള്‍ എല്ലാ സഹകരണവും ചെയ്യുന്നുണ്ടെന്നും എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

അതേസമയം എയര്‍ ഇന്ത്യാ വിമാനം റഷ്യയിൽ അടിയന്തരമായി ഇറക്കിയതിനെ തുടര്‍ന്നുള്ള സ്ഥിതി ഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് യുഎസ് അറിയിച്ചു. 'യുഎസിലേക്ക് വന്നിരുന്ന ഒരു വിമാനം റഷ്യയില്‍ അടിയന്തരമായി ഇറക്കിയതിനെ കുറിച്ച് വിവരം ലഭിച്ചു. നിരീക്ഷണം തുടരുകയാണ്. 

വിമാനത്തില്‍ യുഎസ് പൗരന്മാരുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല' എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിമാനത്തിൽ അമേരിക്കൻ പൗരന്മാരുണ്ടാകാനാണ് സാധ്യതയെന്നും സ്ഥിതിഗതികള്‍ അമേരിക്ക സസൂക്ഷ്മം നിരീക്ഷിക്കുന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Related News