ഡച്ച് നോബല്‍ പ്രൈസിന് അര്‍ഹയായി ഇന്ത്യന്‍ വംശജ: കാത്തിരിക്കുന്നത് 13 കോടിയിലധികം രൂപ

  • 08/06/2023



ദില്ലി: ശാസ്ത്ര രംഗത്തെ സേവനത്തിന് നെതര്‍ലന്ഡിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ സ്പിനോസാ പ്രൈസിന് അര്‍ഹയായി ഇന്ത്യന്‍ വംശജയായ പ്രൊഫസര്‍ ജോയീറ്റ ഗുപ്ത. സുസ്ഥിരമായ ലോകം എന്നതിലൂന്നിയുള്ള പഠനത്തിനാണ് ജോയീറ്റ ഗുപ്തയ്ക്ക് ഡച്ച് നോബല്‍ പ്രൈസ് എന്നറിയപ്പെടുന്ന സ്പിനോസാ പ്രൈസിന് അര്‍ഹയായത്. 1.5 മില്യണ്‍ യൂറോയാണ് (13.26 കോടി രൂപ) ജോയീറ്റ ഗുപ്തയ്ക്ക് ലഭിക്കുക. 2013 മുതല്‍ ആംസ്റ്റര്‍ഡാം സര്‍വ്വകലാശാലയില്‍ പ്രൊഫസറാണ് ജോയീറ്റ ഗുപ്ത. 

ഗവേഷണ സംബന്ധിയായ ജോയീറ്റയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ ബഹുമതി. മികച്ച രീതിയിലെ ഭരണം മൂലം ആഗോള താപനവും കാലാവസ്ഥാ വ്യതിയാനത്തേയും പ്രതിരോധിക്കാന്‍ കഴിയുമെന്നതിലേക്ക് നിര്‍ണായക ചുവട് വയ്പുകളാണ് ജോയീറ്റ ഗുപ്ത തന്‍റെ ഗവേഷണത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്.

കാലാവസ്ഥാ പ്രശ്നങ്ങളും ആഗോള ജല ദൌര്‍ലഭ്യതയും എങ്ങനെ പരിഹരിക്കാമെന്നതിലേക്കുള്ള നിര്‍ദ്ദേശങ്ങളും ഗവേഷണം മുന്നോട്ട് വയ്ക്കുന്നുണ്ട്. ജനങ്ങള്‍ക്കും പരിസ്ഥിതിക്കും കോട്ടം തട്ടാത്ത രീതിയില്‍ നീതി ഉറപ്പാക്കിക്കൊണ്ടുള്ള നിര്‍ദ്ദേശങ്ങളാണ് ജോയീറ്റ ഗുപ്ത മുന്നോട്ട് വയ്ക്കുന്നതെന്നാണ് ആംസ്റ്റര്‍ഡാം സര്‍വ്വകലാശാല വിശദമാക്കുന്നത്. ആംസ്റ്റര്‍ഡാം സര്‍വ്വകലാശാലയില്‍ നിന്ന് ഈ ബഹുമതി നേടുന്ന 12ാമത്തെ ഗവേഷകയാണ് ജോയീറ്റ ഗുപ്ത. ദില്ലി സര്‍വ്വകലാശാല, ഗുജറാത്ത് സര്‍വ്വകലാശാല, ഹാര്‍വാര്‍ഡ് ലോ സ്കൂള്‍ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷമാണ് ജോയീറ്റ ആംസ്റ്റര്‍ഡാം സര്‍വ്വകലാശാലയിലെത്തുന്നത്. 

Related News