ടേക്ക് ഓഫീനിടെ സാങ്കേതിക പിഴവ്: കുട്ടിയിടിക്കാനൊരുങ്ങി യാത്രാ വിമാനങ്ങൾ; ഒഴിവായത് വൻദുരന്തം

  • 10/06/2023




ടോക്കിയോ: ടേക്ക് ഓഫീനിടെ സാങ്കേതിക പിഴവിനെ തുടര്‍ന്ന് കുട്ടിയിടിക്കാനൊരുങ്ങി യാത്രാ വിമാനങ്ങള്‍. ശനിയാഴ്ച രാവിലെ ജപ്പാനിലെ ടോക്കിയോയിലെ ഹനേഡാ വിമാനത്താവളത്തിലാണ് വന്‍ അപകട സാധ്യതയുണ്ടായത്. ഇവാ എയറിന്‍റെ യാത്രാ വിമാനവും തായ് എയര്‍വേയ്സിന്‍റെ യാത്രവിമാനവുമാണ്  വിമാനത്താവളത്തിനുള്ളില്‍ കൂട്ടിയിടി സാഹചര്യം സൃഷ്ടിച്ചത്. പ്രാദേശിക സമയം 11 മണിയോടെയാണ് സംഭവം.

ഇവാ എയറിന്‍റെ 2618 ടി ഡബ്ല്യു വിമാനത്തില്‍ 207ഉം തായ് എയര്‍വേയ്സിന്‍റെ ടിഎച്ച്എഐ ബി കെ വിമാനത്തില്‍ 264 യാത്രക്കാരുമുള്ളപ്പോഴാണ് ഗുരുതര പിഴവ് സംഭവിച്ചിട്ടുള്ളത്. കൃത്യമായി സംഭവിച്ചത് എന്താണെന്നതില്‍ ടോക്കിയോ ഏവിയേഷന്‍ ഓഫീസ് ഇനിയും വിശദീകരണം നല്‍കിയിട്ടില്ല. 

ഇരു വിമാനങ്ങളും ഒരേ സമയത്ത് ഒരേ റണ്‍വേയിലേക്ക് എത്തുകയായിരുന്നു. സംഭവത്തില്‍ തായ് വിമാനത്തിന്‍റെ ചിറക് ഒടിഞ്ഞിട്ടുണ്ട്. അവശിഷ്ടങ്ങള്‍ റണ്‍വയില്‍ നിന്ന് തന്നെ കണ്ടെത്തിയെന്നാണ് വിമാനത്താവളത്തില്‍ നിന്നുള്ള വീഡിയോ ഫൂട്ടേജുകളില്‍ വ്യക്തമാവുന്നത്.  

ബാങ്കോക്കിലേക്ക് പുറപ്പെട്ട തായ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇവാ എയര്‍വേയ്സിന്‍റെ വിമാനത്തിന്‌റെ റിയര്‍ ഭാഗത്താണ് തായ് വിമാനം തട്ടിയത്. അപകടത്തിന് പിന്നാലെ സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എയര്‍ബസ് എ 330 വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. 

ഇരുവിമാനത്തിനും 250 യാത്രക്കാരെയും 14 ക്രൂ അംഗങ്ങളേയുമാണ് ഉള്‍ക്കൊള്ളാനാവുന്നത്. സംഭവത്തില്‍ വിമാനക്കമ്പനികളും രാജ്യങ്ങളുടെ വക്താക്കളും പ്രതികരണം അറിയിച്ചിട്ടില്ല. അപകടത്തിന് പിന്നാലെ വിവിധ സര്‍വ്വീസുകളില്‍ താമസമുണ്ടായിട്ടുണ്ട്. നാല് റണ്‍വേകളുള്ള വിമാനത്താവളത്തില്‍ അപകടമുണ്ടായ റണ്‍വേ അടച്ചിരിക്കുകയാണ്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Related News