എമര്‍ജന്‍സി ലാന്‍റിംഗിനിടെ 'മൂക്ക് കുത്തി' ഡെൽറ്റ എയർലൈൻസിന്‍റെ ബോയിംഗ് 717 വിമാനം

  • 29/06/2023



വിമാനത്തിന്‍റെ ലാന്‍റിംഗ് ഗിയറുകള്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതിനാല്‍ നോർത്ത് കരോലിനയിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ഡെൽറ്റ എയർലൈൻസിന്‍റെ ബോയിംഗ് 717 വിമാനത്തിന്‍റെ മുന്‍വശം ഭൂമിയില്‍ തൊട്ടു. ഡെൽറ്റ ഫ്ലൈറ്റ് 1092 അറ്റ്ലാന്‍റയിൽ നിന്ന് ഇന്നലെ രാവിലെ 7.25 നാണ് പുറപ്പെട്ടത്. രാവിലെ ഷാർലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങേണ്ടതായിരുന്നു. 

എന്നാല്‍, വിമാനത്തിന്‍റെ എമര്‍ജന്‍സി ലാന്‍റിംഗ് ഗിയറുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ല. ഇതേതുടര്‍ന്ന് റെണ്‍വേയിലൂടെ തെന്നിനീങ്ങിയ വിമാനത്തിന്‍റെ മുന്‍ഭാഗം നിലത്തിടിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സമയം വിമാനത്തില്‍ 100 ഓളം യാത്രക്കാരുണ്ടായിരുന്നതായി ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഡെൽറ്റ ഫ്ലൈറ്റ് 1092 വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന്‍റെയും ഇറങ്ങിക്കഴിഞ്ഞതിന്‍റെയും നിരവധി ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. wcnctv യുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയില്‍ വിമാനത്താവളത്തിലേക്ക് ഇറങ്ങുന്ന വിമാനത്തിന്‍റെ ഉള്ളിലുള്ള യാത്രക്കാരെ ചിത്രീകരിച്ചു. 

ഈ വീഡിയോയില്‍ സ്ത്രീകളും പുരുഷന്മാരുമായ എല്ലാ യാത്രക്കാരും തങ്ങളുടെ മുന്‍സീറ്റില്‍ ഇരുകൈകളും ഉപയോഗിച്ച് പിടിച്ചിരിക്കുന്നത് കാണിച്ചു. വിമാനം ലാന്‍റ് ചെയ്യുന്നതിന് മുമ്പ് യാത്രക്കാര്‍ക്ക് നല്‍കിയ മുന്‍കരുതല്‍ നിര്‍ദ്ദേശപ്രകാരമായിരുന്നു അവര്‍ അങ്ങനെ ചെയ്തത്.

Related News