ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട ശേഷം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി

  • 06/07/2023

കാൻബെറ: ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട ശേഷം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. 21 കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ജാസ്മിൻ കൗറിനെയാണ് ഇന്ത്യക്കാരനായ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് റേഞ്ചില്‍ ആണ് കൊലപാതകം നടന്നത്. 2021 മാര്‍ച്ചില്‍ ആണ് താരിക്ജോത് സിംഗ് എന്ന ഇന്ത്യൻ വംശജനായ യുവാവ് ജാസ്മിനെ തട്ടിക്കൊണ്ടുപോയത്. കൊലപാതകത്തിന് പിന്നാലെ പ്രതിയായ താരിക്ജോത് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


കേസില്‍ വിചാരണ നടക്കവേയാണ് ജാസ്മിന്‍റെ മൃതദേഹം കണ്ടെത്തിയത്. വിചാരണ നടക്കെ 2023 ഫെബ്രുവരിയിലാണ് താനാണ് ജാസ്മിനെ കൊലപ്പെടുത്തിയതെന്ന് താരിക്ജോത് കുറ്റസമ്മതം നടത്തിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം എവിടെയാണെന്ന് പറഞ്ഞിരുന്നില്ല. നാളുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കുഴിച്ചിട്ട നിലയില്‍ ജാസ്മിന്‍റെ മൃതദേഹം കണ്ടെത്തിയത്. കേബിളുകള്‍ കൊണ്ടും പ്ലാസ്റ്റിക് ടേപ്പുകൊണ്ടും കെട്ടിയിട്ട നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. കുഴിമാടത്തിലിട്ട് തീകൊളുത്തിയപ്പോള്‍ പെണ്‍കുട്ടി മരണ വെപ്രാളത്തില്‍ മണ്ണ് വരെ തിന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ജാസ്മിൻ കൗറിനെ അഡ്‌ലെയ്ഡിലെ ജോലി സ്ഥലത്തു നിന്നാണ് പ്രതി തട്ടിക്കൊണ്ടുപോയത്. കൈയ്യും കാലും കൂട്ടിക്കെട്ടി കാറിന്‍റെ ബൂട്ടിലിട്ട് ഏകദേശം നാല് മണിക്കൂറോളം സഞ്ചരിച്ചാണ് കൊലപാതകം നടന്ന സ്ഥലത്തെത്തിയതെന്ന് പ്രതി വിചാരണ വേളയില്‍ സമ്മതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജാസ്മിനെ പ്ലാസ്റ്റിക് കേബിളുകള്‍ കൊണ്ടും ടേപ്പു കൊണ്ടും വരിഞ്ഞ് മുറുക്കിയ ശേഷം ജീവനോടെ കുഴിയിലേക്ക് ഇട്ട് പ്രതി തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതി യുവതിയോടെ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. പലതവണ സമീപിച്ചെങ്കിലും ജാസ്മിൻ യുവാവിന്‍റെ ആവശ്യം നിരാകരിച്ചു. ഇതിലുള്ള പകയാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. യുവാവ് തന്നെ ശല്യപ്പെടുത്തുന്ന വിവരം ജാസ്മിൻ അറിയിച്ചിരുന്നുവെന്ന് മാതാവും പറഞ്ഞു. അയാള്‍ക്ക് മാനസിക പ്രശ്നമാണെന്ന് അവള്‍ പറഞ്ഞിരുന്നു, തന്നെ നിരന്തരം ശല്യം ചെയ്തിരുന്നുവെങ്കിലും കൊലപ്പെടുത്തുമെന്ന് അവള്‍ കരുതിയിട്ടുണ്ടാമില്ല- അമ്മ പറഞ്ഞു.

Related News